ന്യൂഡല്‍ഹി: ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാത്തതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരവും രംഗത്ത. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ ആനുകൂല്യങ്ങളും സൗജന്യങ്ങളും പ്രഖ്യാപിച്ചതിനു ശേഷമായിരിക്കും ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി ഞായറാഴ്ച അഞ്ചാമത്തെ ഗുജറാത്ത് സന്ദര്‍ശനം നടത്താനിരിക്കെയാണ് ആരോപണവുമായി പി. ചിദംബരം രംഗത്തെത്തിയത്.
ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയെ സഹായിക്കുകയാണെന്ന കോണ്‍ഗ്രസിന്റെ ആരോപണങ്ങളുടെ തുടര്‍ച്ചയായാണ് ചിദംബരത്തിന്റെ പുതിയ പ്രസ്താവന.
ഹിമാചല്‍പ്രദേശിലും ഗുജറാത്തിലും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരിക്കെ ഹിമാചല്‍പ്രദേശിലെ തിരഞ്ഞെടുപ്പ് തിയ്യതി മാത്രംപ്രഖ്യാപിച്ച കമ്മീഷന്റെ നിലപാടിനെതിരെ വിമര്‍ശനത്തിനിടയാക്കിയത്. കോണ്‍ഗ്രസ് നേതാക്കളും മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ. ഖുറേഷിയും ഇതിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് വന്നിരുന്നു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വരുന്നത് വൈകിപ്പിച്ച് പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനും പ്രഖ്യാപനങ്ങള്‍ നടത്തുന്നതിനും ബിജെപിക്ക് അവസരമൊരുക്കാനാണിത് എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്.