നിലയ്ക്കല്‍:ശബരിമല ദര്‍ശനത്തിനായെത്തിയ ശ്രീലങ്കന്‍ വനിതയെ നിലയ്ക്കലില്‍ തടഞ്ഞു.ഇവരുടെ കൈവശം തിരിച്ചറിയല്‍ രേഖകളില്ലാത്തതിനാലാണ് തടഞ്ഞത്.ശ്രീലങ്കയില്‍ നിന്നെത്തിയ 70 അംഗ തീര്‍ഥാടകസംഘത്തിനൊപ്പമാണ് ഇവര്‍ എത്തിയത്.
വൈകിട്ട് കെ.എസ്.ആര്‍.ടി.സി. ബസില്‍ എത്തിയ തീര്‍ത്ഥാടക സംഘത്തെ നിലയ്ക്കല്‍ ഗോപുരത്തിന് മുന്നില്‍ വച്ചാണ് പോലീസ് പരിശോധിച്ചത്. സ്ത്രീയുടെ പക്കല്‍ യാതൊരു തിരിച്ചറിയല്‍ രേഖയും ഉണ്ടായിരുന്നില്ല. മുന്‍പ് മൂന്ന് തവണ ശബരിമല സന്ദര്‍ശിച്ച ചിത്രങ്ങള്‍ പോലീസിനെ കാണിച്ചെങ്കിലും ഇവരെ മല കയറാന്‍ പോലീസ് അനുവദിച്ചില്ല. തുടര്‍ന്ന് ഇവരെ കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റിയ ശേഷം ശ്രീലങ്കയില്‍ നിന്നെത്തിയ മറ്റുള്ളവരെ ശബരിമലയിലേക്ക് പോകാന്‍ പോലീസ് അനുവദിച്ചു.







