മുൻ മന്ത്രി സി ദിവാകരനെ തിരുവനന്തപുരത്തു സ്ഥാനാർത്ഥിയായി സി പി ഐ പ്രഖ്യാപിച്ചു .കോൺഗ്രസിന്റെ സ്ഥാനാർഥി ശശി തരൂർ തന്നെയാണ് .കഴിഞ്ഞ തവണ ബെന്നറ്റ് എബ്രഹാമിന് തിരുവനന്തപുരത്തു സീറ്റു കൊടുത്തതിനു ഒരുപാട് പഴി സി പി ഐക്ക് കേൾക്കേണ്ടിവന്നു .തിരുവനന്തപുരം പേയ്‌മെന്റ് സീറ്റ് ആണ് എന്ന് ആക്ഷേപമുയർന്നു .ബന്നേറ്റാകട്ടെ മത്സരത്തിൽ ബി ജെ പി സ്ഥാനാർഥി രാജഗോപാലിനു പിന്നിൽ മൂന്നാം സ്ഥാനത്തു പോയി.അതുകൊണ്ടു തന്നെ ഇത്തവണ തിരുവനന്തപുരത്തു ഒരു പ്രമുഖ നേതാവിനെ തന്നെ സി പി ഐ മത്സരിപ്പിക്കും എന്നത് ഉറപ്പായിരുന്നു .പി കെ വാസുദേവൻ നായർ, കെ വി സുരേന്ദ്രനാഥ്,പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ വിജയിച്ചിട്ടുള്ള തിരുവനന്തപുരം സി പി ഐ ക്കു ഇക്കുറി അഭിമാന പ്രശ്നമാണ് . ബി ജെ പിയാകട്ടെ 2014 ൽ രാജഗോപാൽ നടത്തിയ സ്വപ്നക്കുതിപ്പിന് ശേഷം വളരെയധികം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം പാർലമെന്റ് സീറ്റ് .പക്ഷെ അന്നത്തെ മോഡി തരംഗത്തിന്റെ അഭാവവും പാർട്ടിക്കുള്ളിലെ തമ്മിലടിയും ബി ജെ പിയെ വല്ലാതെ ഇപ്പോൾ വലയ്ക്കുന്നുണ്ട്. കുമ്മനം രാജശേഖരൻ ,പി എസ ശ്രീധരൻപിള്ള ,സുരേഷ്‌ഗോപി എന്നിവരിൽ ഒരാളായിരിക്കും ബി ജെ പി ടിക്കെറ്റിൽ മത്സരിക്കുന്നത് .ബി ജെ പിയുടെ രാജ്യസഭാ എം പിയായ രാജീവ് ചന്ദ്രശേഖരനും തിരുവനന്തപുരത്തു മത്സരിക്കാൻ താത്പര്യമുണ്ടെന്ന് കേൾക്കുന്നു .തീരുമാനം ഡൽഹിയിൽ നിന്നാണ് ഉണ്ടാകുന്നതെങ്കിൽ ചന്ദ്രശേഖരന് സാധ്യതയുണ്ട് .യു ഡി എഫ് സ്ഥാനാർഥി ശശി തരൂരാകട്ടെ വളരെ മുൻപെ തന്നെ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു .മണ്ഡലത്തിൽ അങ്ങോളം ഇങ്ങോളം തരൂരിന്റെ സാന്നിധ്യം ഉണ്ട് .വേദികളിൽ നിന്നും വേദികളിലേക്ക് പായുകയാണ് തരൂർ .സ്ഥാനാർഥി എന്ന നിലയിൽ തരൂരിന് ഒപ്പമെത്താവുന്ന ഒരു സ്ഥാനാർത്ഥിയെ അവതരിപ്പിക്കാൻ എൽ ഡി എഫിനോ ബി ജെപിക്കോ ആകില്ല എന്നത് തന്നെയാണ് തരൂരിന്റെ സാധ്യതകൾ വർദ്ധിപ്പിക്കുന്നത് .