തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹത്തില്‍ നിന്ന് മാല മോഷ്ടിച്ചു. ആശുപത്രിയിലെ ഗ്രേഡ് 2 ജീവനക്കാരിയായ ജയലക്ഷ്മിയാണ് മാല മോഷ്ടിച്ചത്.പന്തളം സ്വദേശിനിയായ ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയില്‍ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ്‌നാട് സ്വദേശിനിയായ രാധ ഇന്നു രാവിലെ മരിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ തുടങ്ങുമ്പോഴാണ് ഒന്നരപവന്റെ താലി മാല കാണാതെ പോയത് ശ്രദ്ധയില്‍പ്പെട്ടത്. ബന്ധുക്കള്‍ അറിയിച്ചതനുസരിച്ച് പോലീസ് എത്തി നടത്തിയ അന്വേഷണത്തിലാണ് ജയലക്ഷ്മി മോഷണം നടത്തിയതായി കണ്ടെത്തിയത്.ഇവരുടെ കൈയില്‍ നിന്നും മാല കണ്ടെത്തി.
അതേസമയം മൃതദേഹത്തില്‍ നിന്ന് മാല മോഷണം പോയ സംഭവത്തില്‍ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.മനുഷ്യാവകാശ പ്രവര്‍ത്തകനായ പി കെ രാജു നല്‍കിയ പരാതിയിലാണ് നടപടി.മൃതദേഹത്തില്‍ നിന്നും മാല മോഷണം പോയത് മനുഷ്യാവകാശലംഘനമാണെന്ന് രാജുവിന്റെ പരാതിയില്‍ പറയുന്നു.