തിരുവനന്തപുരം:തിരുവനന്തപുരം പേട്ടയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ട് പേര്‍ മരിച്ചു. പേട്ട സ്വദേശികളായ രാധാകൃഷ്ണന്‍, പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്.പേട്ട പുളിനെയിലില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്.ഇന്നലെ പെയ്ത മഴയില്‍ വെള്ളം കെട്ടിക്കിടന്ന് റോഡിലൂടെ നടന്നുപോവുമ്പോഴാണ് ഇവര്‍ക്ക് വൈദ്യുതാഘാതമേറ്റത്. വെള്ളത്തില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പത്ര വിതരണം നടത്തിയിരുന്ന കുട്ടിയാണ് രണ്ടു പേര്‍ ഷോക്കേറ്റ് കിടക്കുന്നത് കണ്ടത്.ഷോക്കേറ്റ രണ്ടു പേരേയും ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.വൈദ്യുതി ബോര്‍ഡില്‍ നിന്നും ജീവനക്കാര്‍ സ്ഥലത്ത് എത്തിയപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.പ്രതിഷേധത്തെത്തുടര്‍ന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷംരൂപ നല്‍കുമെന്ന് വൈദ്യുതിബോര്‍ഡ് അറിയിച്ചു.അടിയന്തിര സഹായമായി രണ്ടുലക്ഷം രൂപ അനുവദിച്ചു.