തിരുവനന്തപുരം:തിരുവനന്തപുരത്ത് പൊലീസുകാരെ സംഘം ചേര്‍ന്ന് മര്‍ദിച്ച കേസില്‍ നാല് എസ്എഫ്ഐക്കാര്‍ അറസ്റ്റില്‍.യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്.പൊലീസിനെ മര്‍ദ്ദിച്ച എസ്എഫ്ഐക്കാരെ അറസ്റ്റു ചെയ്യുന്നതില്‍ കന്റോണ്‍മെന്റ് പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എസ്എഫ്ഐക്കാരെ രക്ഷിക്കാന്‍ കന്റോണ്‍മെന്റ് പൊലീസ് ശ്രമിച്ചെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞത്.
കഴിഞ്ഞദിവസം പാളയം യുദ്ധസ്മാരകത്തിനു സമീപം എസ്എഫ്ഐക്കാര്‍ ട്രാഫിക് നിയമം ലംഘിച്ചത് ചോദ്യം ചെയ്തതിനാണ്
പോലീസുകാരെ മര്‍ദിച്ചത്.യൂടേണ്‍ എടുത്ത ബൈക്ക് യുദ്ധസ്മാരകത്തിന് സമീപത്ത് ട്രാഫിക് പോലീസുകാരനായ അമല്‍ കൃഷ്ണ തടഞ്ഞതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്.പോലീസുകാരനെ യുവാവ് പിടിച്ചു തള്ളി. ഇതുകണ്ട് അവിടെയുണ്ടായിരുന്ന വിനയചന്ദ്രന്,ശരത് എന്നീ പൊലീസുകാര്‍ ഇടപെട്ടു.ഇതിനിടെ ബൈക്ക് യാത്രക്കാരനായ യുവാവ് ഫോണ്‍ ചെയ്തപ്രകാരം യൂണിവേഴ്സിറ്റി കോളജില്‍നിന്നും ഇരുപതോളം വിദ്യാര്‍ത്ഥികള്‍ പാഞ്ഞെത്തി പോലീസുകാരെ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു.യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് നസീമിന്റെയും പ്രവര്‍ത്തകനായ ആരോമലിന്റെയും നേതൃത്വത്തിലായിരുന്നു പോലീസുകാരെ മര്‍ദിച്ചത്.
സംഭവം അറിഞ്ഞതിന് പിന്നാലെ കന്റോണ്‍മെന്റ് സ്റ്റേഷനിലെ രണ്ട് അഡീഷണല്‍ എസ്ഐമാരുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ സ്ഥലത്തെത്തിയെങ്കിലും പ്രതികളെ പിടികൂടിയില്ല. പൊലീസുകാര്‍ നോക്കി നില്‍ക്കേ ബൈക്കുമെടുത്ത് അക്രമികള്‍ കടന്നു.കൂടുതല്‍ പൊലീസിനെ ആവശ്യപ്പെടുകയോ സ്ഥിഗതികള്‍ കണ്ട്രോള് റൂമില്‍ കൃത്യമായി ധരിപ്പിക്കുകയോ ചെയ്തില്ലെന്നും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ടായിരുന്നു.