തിരുവനന്തപുരം:തിരുവനന്തപുരത്ത് മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക്‌സ് ഗോഡൗണില്‍ വന്‍ അഗ്നിബാധ.വിഷപ്പുക ശ്വസിച്ച് ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആളപായമില്ല.അഗ്‌നിശമന സേന സ്ഥലത്തെത്തി തീയണക്കാനുളള ഊര്‍ജ്ജിത ശ്രമം നടത്തുന്നു.എന്നാല്‍ തീ ഇതുവരെ നിയന്ത്രിക്കാനായിട്ടില്ല.
ഫാക്ടറിയില്‍ ഉണ്ടായിരുന്ന ജീവനക്കാരെയെല്ലാം ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.തീപിടിച്ച സമയത്ത് ഫാക്ടറിയില്‍ 120 ജീവനക്കാര്‍ ഉണ്ടായിരുന്നു.ഉടന്‍ തന്നെ എല്ലാവരും പുറത്തിറങ്ങി.
വൈകുന്നേരം എട്ട് മണിക്ക് മുമ്പായിരുന്നു ഗോഡൗണില്‍ തീപിടിച്ചുതുടങ്ങിയത്.രണ്ട് ദിവസം മുമ്പും ഇവിടെ തീപിടിച്ചിരുന്നു.അഞ്ചിലധികം ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് അന്ന് തീ അണച്ചത്.
അഗ്‌നിബാധ തടയാന്‍ വെള്ളം ഒഴിക്കുന്നത് ഫലം കാണുന്നില്ല. ഒന്നര മണിക്കൂര്‍ കഴിഞ്ഞും തീ പടരുന്ന സാഹചര്യമാണുള്ളത്.ഗോഡൗണ്‍ പൂര്‍ണമായി കത്തിയമരുകയാണ്.തീയണയ്ക്കുക അസാധ്യമാണെന്നാണ് വിലയിരുത്തല്‍.
മന്ത്രി കടകംപള്ളി സുരേന്ദ്രനും മേയറും സ്ഥലത്തെത്തി.ജില്ലാ പൊലീസ് കമ്മീഷണര്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയാണ്.സംഭവസ്ഥലത്ത് ജില്ലയിലെ എല്ലാ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും ഫയര്‍ എന്‍ജിന്‍ എത്തിയിട്ടുണ്ട്.കൂടാതെ വിമാനത്താവളത്തില്‍ നിന്നും ഫയര്‍ എഞ്ചിനുകള്‍ പുറപ്പെട്ടു.
തീപിടിത്തം ഉണ്ടായ ഗോഡൗണിന് സമീപമായിട്ട് മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിയുടെ വേദിയുണ്ടായിരുന്നത് തകര്‍ന്നു. നാളെയായിരുന്നു മുഖ്യമന്ത്രിയുടെ പരിപാടി.