തിരുവല്ല:പാടത്ത് കീടനാശിനി പ്രയോഗം നടത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി രണ്ടു കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ ഒരാളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു പോലീസ്.മത്തായി ഈശോ മരിച്ചത് കീടനാശിനി ശ്വസിച്ചല്ലെന്നും മറിച്ച് വിഷം ഉള്ളില്‍ച്ചെന്നാണെന്നും പോലീസ്.മത്തായി ഈശോയുടെ ആമാശയത്തില്‍ വിഷാംശം കണ്ടെത്തിയതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നാല്‍ സനല്‍കുമാറിന്റെ മരണം കീടനാശിനി ശ്വസിച്ചതിനെ തുടര്‍ന്നാണന്ന് ഫോറന്‍സിക് സര്‍ജന്‍ പറയുന്നു.
നെല്‍പ്പാടത്ത് അനുവദനീയമായതിലും കൂടുതല്‍ കീടനാശിനി ഉപയോഗിച്ചതിനെ തുടര്‍ന്നാണ് പെരിങ്ങര വേങ്ങലില്‍ കഴുപ്പില്‍ കോളനി നിവാസികളായ മത്തായി ഈശോ,സനല്‍ കുമാര്‍ എന്നിവര്‍ മരിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മത്തായി ചാക്കോയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ പോലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.വിഷം കഴിച്ചതാണോ കഴിപ്പിച്ചതാണോയെന്ന കാര്യത്തിലാണ് വ്യക്തത വരേണ്ടത്. മത്തായിയുടെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും.