കൊച്ചി:പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് തിരുവല്ലയില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. തിരുവല്ല സ്വദേശിനിയായ കവിതയാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് വൈകിട്ട് 6മണിയോടെയാണ് അന്ത്യം സംഭവിച്ചത്. 65 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി കഴിഞ്ഞ എട്ടു ദിവസമായി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്നു.മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി.
മാര്‍ച്ച് 12-നാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. തിരുവല്ലയില്‍ റേഡിയോളജി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും പോകും വഴി ചിലങ്ക ജംഗ്ഷനില്‍ വെച്ചാണ് ആക്രമണമുണ്ടായത്. അജിന്‍ റെജി മാത്യു എന്ന ചെറുപ്പക്കാരന്‍ പെണ്‍കുട്ടിയെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചതിന് ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കുമ്പനാട് സ്വദേശിയായ അജിന്‍ പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും അത് നിരസിച്ചതിലുള്ള പകയാണ് ക്രൂരകൃത്യത്തിന് പ്രേരണയായത്.

അക്രമം കണ്ട നാട്ടുകാര്‍ ഓടിക്കൂടിയാണ് വെള്ളം ഒഴിച്ച് തീ കെടുത്തിയ ശേഷം പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.അജിനേയും നാട്ടുകാര്‍ തന്നെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.അയിരൂരില്‍ പെണ്‍കുട്ടിയും അജിനും പ്ലസ്ടുവിന് സഹപാഠികളായിരുന്നു.പെണ്‍കുട്ടിയെ അജിന്‍ നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്യാറുണ്ടായിരുന്നെന്നും പറയപ്പെടുന്നു.