കൊച്ചി:ശ്രീലങ്കയില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് തീവ്രവാദികള്‍ എത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീവ്രവാദ ബന്ധം സംശയിക്കുന്നവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം കൊച്ചി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതിന് ശേഷം വിട്ടയച്ച തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീമിനെ വീണ്ടും ചോദ്യം ചെയ്യുന്നു. ഇന്നലെ രാത്രിയാണ് റഹീമിനെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തത്.
തമിഴ്‌നാട് പൊലീസ് ഇന്നലെ പിടികൂടിയ മതിലകം സ്വദേശി സിദ്ദിഖുമായി റഹിം ഫോണില്‍ സംസാരിച്ചതിന്റെ വിവരങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് ഇയാളെ വീണ്ടും ചോദ്യം ചെയ്യുന്നത്. എന്നാല്‍ സിദ്ദിഖിനെ ബഹറിനില്‍വെച്ച് പരിചയപ്പെട്ടതാണെന്നും മറ്റു ബന്ധങ്ങളില്ലെന്നുമാണ് റഹീം പോലീസിനോടു പറഞ്ഞത്.
ശ്രീലങ്കയിലോ പാകിസ്ഥാനിലോ പോയിട്ടില്ലെന്നും തീവ്രവാദ സംഘടനകളുമായി യാതൊരു ബന്ധവുമില്ലെന്നും ലഷ്‌കര്‍ കമാന്‍ഡര്‍ എന്ന് കേന്ദ്ര ഏജന്‍സികള്‍ പറയുന്ന അബു ഇല്യാസിനെ പരിചയമില്ലെന്നും റഹീം പൊലീസിനോട് ആവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം സിജെഎം കോടതിയില്‍ കഴടങ്ങാനെത്തിയപ്പോഴാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.