തിരുവനന്തപുരം:അറബിക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റാകാന്‍ സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം.അറബിക്കടലിന്റെ മദ്ധ്യ പടിഞ്ഞാറ്- തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിലായി രൂപപ്പെട്ട ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളില്‍ തീവ്രചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്.
അറബിക്കടലിന്റെ തെക്കുകിഴക്ക്,മദ്ധ്യകിഴക്ക് ഭാഗങ്ങളില്‍ അടുത്ത 24 മണിക്കൂറില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെയായേക്കും.മത്സ്യത്തൊഴിലാളികള്‍ ഇന്ന് മുതല്‍ 12-ാം തീയതി വരെ അറബിക്കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
കഴിഞ്ഞ ദിവസം ന്യൂനമര്‍ദത്തെത്തുടര്‍ന്ന് ചില ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു.രണ്ടു ദിവസമായി തിരുവനന്തപുരം ജില്ലയില്‍ ഇടവിട്ട് കനത്ത മഴ പെയ്യുകയാണ്.