ബ്രസ്സല്‍സ് : ആണവ- മിസൈല്‍ പരീക്ഷണങ്ങളുമായി മുന്നേറുന്ന ഉത്തര കൊറിയയെ അടക്കി നിര്‍ത്താന്‍ യൂറോപ്യന്‍ യൂണിയന്റെ ശ്രമം. ആണവ- ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കാന്‍ ഉത്തരകൊറിയയോടു നിര്‍ദേശിക്കാന്‍ യൂറോപ്യന്‍ യൂണിയന് ഉച്ചകോടി തീരുമാനിച്ചു.
കരടു തീരുമാനം വിവിധ നേതാക്കളുടെ യോഗത്തില്‍ അംഗീകരിച്ചതിനു ശേഷം പ്രസ്താവനയായി പ്രഖ്യാപിക്കും. ആയുധപരീക്ഷണങ്ങള്‍ പൂര്‍ണമായും നിര്‍ത്തണമെന്നും ആവര്‍ത്തിക്കരുതെന്നുമായിരിക്കും നിര്‍ദേശം നല്‍കുക. ഇക്കാര്യം രാജ്യാന്തര നേതൃത്വത്തിനു പരിശോധിച്ച് ബോധ്യപ്പെടാനുമാകണം. ഇക്കാര്യവും സമ്മതിച്ചില്ലെങ്കില്‍ ഉത്തരകൊറിയയ്ക്കെതിരെ കൂടുതല്‍ നടപടികളെടുക്കേണ്ടി വരും.
ഐക്യരാഷ്ട്ര സംഘടനയ്ക്കു പിന്നാലെ ഉത്തരകൊറിയയ്ക്കു മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനും യൂണിയന് തീരുമാനിച്ചിട്ടുണ്ട്. ഉപരോധങ്ങള്‍ യൂണിയനു കീഴിലെ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ അംഗീകരിച്ചതാണ്. ഉത്തരകൊറിയയോടൊപ്പം വാണിജ്യബന്ധം തുടരുന്ന യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലാത്ത രാജ്യങ്ങള്‍ക്കു നേരെയും ഉപരോധം ഏര്‍പ്പെടുത്തുമെന്നു സൂചനയുണ്ട്.
എണ്ണയും അനുബന്ധ ഉല്പന്നങ്ങളും ഉത്തരകൊറിയയ്ക്കു വില്‍ക്കുന്നതിന് നിലവില്‍ നിരോധനമുണ്ട്. ‘പ്രതീകാത്മകം’ എന്ന നിലയിലാണ് ഈ ഉപരോധമെങ്കിലും യൂറോപ്യന്‍ യൂണിയന്റെ മാതൃക പിന്തുടരണമെന്ന് മറ്റു രാജ്യങ്ങള്‍ക്കുള്ള സൂചന കൂടിയാണിത്. അസംസ്കൃത എണ്ണ നല്കുന്നതിനു പൂര്‍ണനിരോധനം ഏര്‍പ്പെടുത്തരുതെന്നാണ് ചൈനയും റഷ്യയും ആവശ്യപ്പെടുന്നത്.
ഓഗസ്റ്റ് മധ്യത്തോടെ ഉത്തര കൊറിയയില്‍ നിന്നുള്ള ഉരുക്ക്, ഇരുമ്പയിര്, കടലുല്പന്ന ഇറക്കുമതി ചൈന നിര്‍ത്തിവച്ചിരുന്നു. നാല് ഉത്തര കൊറിയന്‍ ചരക്കു കപ്പലുകള്‍ക്ക് ഒരു കാരണവശാലും തുറമുഖങ്ങളില്‍ പ്രവേശനാനുമതി നല്‍കരുതെന്ന് അംഗരാജ്യങ്ങള്‍ക്ക് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ് അടുത്തിടെയാണു വന്നത്. ഉത്തര കൊറിയയിലേക്കും അവിടെ നിന്നും നിരോധിക്കപ്പെട്ട വസ്തുക്കളുമായി പുറപ്പെട്ട കപ്പലുകള്‍ക്കാണ് വിലക്ക്. ചരിത്രത്തിലാദ്യമായാണ് ഉത്തര കൊറിയന്‍ കപ്പലുകള്‍ക്ക് യുഎന്‍ രക്ഷാസമിതി വിലക്കേര്‍പ്പെടുത്തുന്നത്.