തൃശൂര്‍:തൃശൂര്‍ മറ്റത്തൂരില്‍ 80 വയസ്സുള്ള ഭാര്യയെ അടിച്ചു കൊന്ന ശേഷം മൃതദേഹം പൂര്‍ണ്ണമായി കത്തിച്ച 91 കാരന്‍ പൊലീസ് കസ്റ്റഡിയില്‍.വെള്ളിക്കുളങ്ങര മുക്കാട്ടുക്കര കൊച്ചുത്രേസ്യയാണ് ദാരുണമായി കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് ചെറിയക്കുട്ടി പൊലീസ് കസ്റ്റഡിയിലാണ്.
ഇന്നലെ വൈകിട്ട് നാലുമണിയോടെ വീടിനോട് ചേര്‍ന്ന വിറക് പുരയിലാണ് പൂര്‍ണ്ണമായി കത്തി കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.തുടര്‍ന്ന് പോലീസ് ചെറിയകുട്ടിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.വഴക്കിനെത്തുടര്‍ന്ന് വീടിന്റെ മുകളിലെ മുറിയില്‍ വെച്ച് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഗോവണിപ്പടിയിലൂടെ മൃതദേഹം താഴേക്ക് വലിച്ചു കൊണ്ട് പോയി വീടിനു സമീപത്തെ വിറക് പുരയില്‍ വെച്ച് കത്തിക്കുകയായിരുന്നെന്ന് ചെറിയ കുട്ടി പോലീസിനോട് സമ്മതിച്ചു.
കൊച്ചുത്രേസ്യയും ചെറിയകുട്ടിയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്.കൊച്ചുത്രേസ്യയെ ദിവസങ്ങളായി കാണാനില്ലായിരുന്നു.അയല്‍ക്കാര്‍ അന്വേഷിപ്പോള്‍ ഒരു കല്യാണച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയെന്നാണ് പറഞ്ഞത്.എന്നാല്‍ സംശയം തോന്നിയ മക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
കൊച്ചു ത്രേസ്യയും ചെറിയകുട്ടിയും തമ്മില്‍ നിരന്തരം വഴക്കിടുന്നത് പതിവായിരുന്നെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു.എന്നാല്‍ 91 വയസ്സുകാരനായ ചെറിയകുട്ടിക്ക് ഒറ്റയ്ക്ക് കൊലപാതകം ചെയ്യാനാവില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.ഇവരുടെ ഏഴ് മക്കളും സ്വന്തം വീടുകളിലാണ് താമസം.പോലീസും ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.