കണ്ണൂര്‍:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു കൈ നോക്കാനൊരുങ്ങി വയല്‍ക്കിളികളും. പരിസ്ഥിതി സമരത്തിന് ഒരു വോട്ട് എന്ന മുദ്രാവാക്യമുയര്‍ത്തി വയല്‍ക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂര്‍ കണ്ണൂര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുകയാണ്.സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്.
ദേശീയപാതാ ബൈപ്പാസിനായി ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് പ്രത്യക്ഷസമരത്തില്‍ നിന്നും വയല്‍ക്കിളികള്‍ പിന്മാറിയിരുന്നു.സുരേഷ് കീഴാറ്റൂരിന്റെ അമ്മയടക്കമുള്ളവര്‍ ഭൂമി വിട്ടു നല്‍കുന്നതിനായുള്ള രേഖകളും കൈമാറി.ഭൂമി വിട്ടു കൊടുത്താലും ബൈപ്പാസിനെതിരായ നിയമപോരാട്ടം തുടരുമെന്നാണ് വയല്‍ക്കിളികള്‍ പറയുന്നത്.
സമരത്തെ ആദ്യഘട്ടത്തില്‍ ശക്തമായി പിന്തുണച്ച യുഡിഎഫും ബിജെപിയും പിന്നീട് പിന്‍മാറിയിരുന്നു.തുടക്കത്തില്‍ സമരത്തെ അനുകൂലിച്ച് സിപിഎം പിന്നീട് സര്‍ക്കാരിനൊപ്പം നില്‍ക്കുകയും വയല്‍ക്കിളി സമരത്തിന് ശക്തമായ വെല്ലുവിളിയുയര്‍ത്തുകയും ചെയ്തിരുന്നു.
സിപിഎം സ്ഥാനാര്‍ത്ഥിയായി പികെ ശ്രീമതി മല്‍സരിക്കുന്ന കണ്ണൂരില്‍ സുരേഷ് കീഴാറ്റൂരിന്റെ രംഗപ്രവേശം സിപിഎമ്മിനു തലവേദനയാകും.