തൊടുപുഴ:തൊടുപുഴയില്‍ ക്രൂരമര്‍ദനമേറ്റ് ഏഴുവയസ്സുകാരന് മരിച്ച സംഭവത്തില്‍ പ്രതിയായ അരുണ്‍ ആനന്ദ് കുട്ടിയുടെ ചികില്‍സ വൈകിപ്പിച്ചതായും വിവരം. തൊടുപുഴയിലെ ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ വിദഗ്ദ്ധ ചികില്‍സയ്ക്കായി കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനെ അരുണ്‍ എതിര്‍ത്തു. കുട്ടിയുടെ അമ്മയെയും ആംബുലന്‍സില്‍ കയറാന്‍ അരുണ്‍ അനുവദിച്ചില്ല.കുട്ടിയെ അവിടെ ഉപേക്ഷിച്ചിട്ട് അമ്മയെയും കൊണ്ട് കടന്നുകളയാനായിരുന്നു ഇയാളുടെ പദ്ധതിയെന്നാണ് സൂചന. അരമണിക്കൂര്‍ അരുണ്‍ ആശുപത്രി അധികൃതരുമായി തര്‍ക്കിച്ച് നിന്നശേഷമാണ് കുട്ടിയെ കോലഞ്ചേരി ആശുപത്രിയിലേക്ക് കൊണ്ടുപോയത്.അരുണ്‍ ആശുപത്രിയില്‍ തര്‍ക്കിച്ചു നില്‍ക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
കുട്ടിയെ ക്രൂരമായി മര്‍ദിച്ച് അവശനിലയിലാക്കിമുക്കാല് മണിക്കൂറിന് ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. സോഫയില്‍ നിന്ന് വീണ് പരിക്കേറ്റെന്നാണ് ആശുപത്രി അധികൃതരോട് കുട്ടിയുടെ അമ്മയും അരുണും പറഞ്ഞത്.എന്നാല്‍ കുട്ടിയുടെ അവസ്ഥ കണ്ട ആശുപത്രി അധികൃതര്‍ക്ക് സംശയം തോന്നി പൊലീസിനെ അറിയിച്ചു.പൊലീസെത്തിയപ്പോഴേക്ക് വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.എന്നാല്‍ അരുണ്‍ ഇതിന് തയ്യാറായില്ല.അങ്ങനെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുട്ടിക്ക് ഒന്നേകാല്‍ മണിക്കൂര്‍ വൈകിയാണ് ചികിത്സ ലഭിച്ചത്. മസ്തിഷ്കത്തിനു ക്ഷതമേല്‍ക്കുന്ന അവസ്ഥയില്‍ ആദ്യ മണിക്കൂര്‍ നിര്‍ണ്ണായകമായിരിക്കെയാണ് കുട്ടിക്ക് ഇത്ര വൈകി ചികില്‍സ ലഭിച്ചത്.നേരത്തേ കൊണ്ടുവന്നിരുന്നെങ്കില്‍ കുറച്ചു കൂടി വിദഗ്ധ ചികിത്സ കുട്ടിയ്ക്ക് നല്‍കാനാകുമായിരുന്നെന്ന് ഡോക്ടര്‍മാരും വ്യക്തമാക്കുന്നു.
കുട്ടിയുടെ മരണകാരണം തലയ്ക്കേറ്റ മാരകമായ ക്ഷതം തന്നെയാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും പറയുന്നു. തലയ്ക്കും വാരിയെല്ലിനും പൊട്ടലുണ്ട്.ശരീരത്തില്‍ ബലമായി ഇടിച്ചതിന്റെ പാടുകളുമുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
പത്തുദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞശേഷം ഇന്നു രാവിലെയാണ് കുട്ടി മരിച്ചത്.കുട്ടിയുടെ സംസ്കാരച്ചടങ്ങുകള്‍ അമ്മയുടെ തൊടുപുഴയിലെ വീട്ടില്‍ നടക്കും. ഇപ്പോള്‍ റിമാന്‍ഡിലുള്ള പ്രതി അരുണ്‍ ആനന്ദിനുമേല്‍ കൊലക്കുറ്റവും ചുമത്തി.