തൊടുപുഴ:ഏഴുവയസ്സുകാരനെ അതിക്രൂരമായി മര്‍ദിച്ച അരുണ്‍ ആനന്ദിനു പന്നാലെ കുട്ടിയുടെ അമ്മയ്‌ക്കെതിരെയും കേസെടുക്കും. രണ്ടു കുഞ്ഞുങ്ങളെ അരുണ്‍ സ്ഥിരമായി മര്‍ദിച്ചിട്ടും പോലീസിലോ ചൈല്‍ഡ്‌
ലൈനിലോ വിവരമറിയിച്ചില്ലെന്നതിനാണ്അമ്മയ്‌ക്കെതിരെ കേസെടുക്കുന്നത്.യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. കുട്ടിയെ മര്‍ദിച്ച ദിവസം രാത്രി അരുണും യുവതിയും കുട്ടികളെ വീട്ടില്‍ പൂട്ടിയിട്ടിട്ടാണ് പുറത്തുപോയത്. കൊച്ചു കുഞ്ഞുങ്ങളെ തനിച്ചാക്കി പുറത്തുപോയ അമ്മയെ ഇളയ കുട്ടിയുടെ സംരക്ഷണം ഏല്‍പ്പിക്കരുതെന്നാണ് ശിശുക്ഷേമ സമിതി പ്രവര്‍ത്തകര്‍ പറയുന്നത്.
അതേസമയം മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ ഭര്‍ത്താവിന്റെ അച്ഛന്‍ ബാബു മുഖ്യമന്ത്രിക്ക് പരാതി നല്‍കി. 2018 മെയ് മാസത്തിലാണ് യുവതിയുടെ ഭര്‍ത്താവ് ബിജു മരിച്ചത്.ഹൃദയംസ്തംഭനം മൂലമുള്ള മരണമെന്ന നിലയില്‍ മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു. ബിജുവിന്റെ മരണശേഷമാണ് അരുണ്‍ ആനന്ദുമായി ബന്ധം സ്ഥാപിച്ചതെന്നു യുവതി പറയുമ്പോഴും കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മകന്‍ മരിച്ച് മൂന്നാം മാസം യുവതി അരുണിനൊപ്പം പോയെന്നാണ് ബിജുവിന്റെ അമ്മ പറയുന്നത്. കുട്ടികളെ തങ്ങള്‍ക്ക് വിട്ട് നല്‍കിയില്ലെന്നും അവര്‍ പറയുന്നു. അരുണ്‍ ആനന്ദ് നേരത്തെ തന്നെ പ്രശ്‌നക്കാരക്കാരനായിരുന്നുവെന്നും ബിജുവിന്റെ കുടുംബം പറയുന്നു.
വെന്റിലേറ്ററില്‍ കഴിയുന്ന ഏഴുവയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയിലാണ്.നിലവിലുള്ള ചികിത്സ തുടരാനാണ് മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശം.