തൊടുപുഴ:വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍.ഒരാള്‍ മന്ത്രവാദ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ഇടുക്കി നെടുങ്കണ്ടം സ്വദേശിയാണ്.രണ്ടുപേര്‍ക്കും കൃഷ്ണന്റെ കുടുംബവുമായി അടുപ്പമുണ്ടായിരുന്നുവെന്നാണ് സൂചന.പോലീസിനു ലഭിച്ച പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംശയമുള്ള 15 പേരുടെ പട്ടിക തയ്യാറാക്കിയിരുന്നു.ഈ പട്ടികയില്‍ ഉള്‍പ്പെട്ട രണ്ടുപേരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്.
ചുറ്റികകൊണ്ട് തലയ്ക്ക് അടിയേറ്റാണ് ഗൃഹനാഥനായ കൃഷ്ണന്‍ മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.നാല് പേരുടെയും ശരീരത്ത് കത്തിക്കൊണ്ട് ആഴത്തില്‍ കുത്തിയ പാടുകളുമുണ്ടായിരുന്നു.വീടിന്റെ സമീപത്തുനിന്നും ആയുധങ്ങളും കണ്ടെത്തി.മോഷണമാണോ മന്ത്രവാദത്തെത്തുടര്‍ന്നുണ്ടായ വൈരാഗ്യമാണോ എന്ന സംശയത്തിലാണു പൊലീസ്.കൃഷ്ണന്റെ വീട്ടില്‍നിന്ന് മുപ്പതു പവനിലധികം സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ പറയുന്നുണ്ട്.
രാത്രി 10.55 വരെ മരിച്ച ആര്‍ഷ വാട്ട്‌സ്ആപ്പില്‍ ഉണ്ടായിരുന്നു, ആര്‍ഷയുടെയും അമ്മ സുശീലയുടെയും മൊബൈല്‍ ഫോണ്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.ഞായര്‍ രാത്രി പതിനൊന്നിന് ശേഷമാണ് കൊലപാതകം നടന്നതെന്ന് പൊലീസ് ഊഹിക്കുന്നു.ഫോണ്‍കോളുകള്‍,ഈ ഭാഗത്തേക്ക് കയറിപ്പോയ വാഹനങ്ങളുടെ സി സി ടിവി ദൃശ്യങ്ങള്‍ എന്നിവ പരിശോധിക്കുന്നുണ്ട്.
തൊടുപുഴ ഡിവൈഎസ് പി കെ.പി.ജോസിന്റെ നേതൃത്വത്തില്‍ മൂന്ന് സിഐമാര്‍ ഉള്‍പ്പെടുന്ന 25 അംഗ സംഘമാണ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്.