തിരുവനന്തപുരം: ഭൂമിയും കായലും കയ്യേറിയ മന്ത്രി തോമസ് ചാണ്ടിക്കു ഇനി കയ്യേറാന്‍ കടലു മാത്രമേ ഉള്ളൂവെന്ന് കെ. മുരളീധരന്‍ എംഎല്‍എ.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജിഎസ്ടി നിലപാടിനെതിരായി തിരുവനന്തപുരം നഗരസഭയില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തോമസ് ചാണ്ടിയുടെ കയ്യേറ്റം സ്ഥിരീകരിച്ച് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും സര്‍ക്കാരും മുഖ്യമന്ത്രിയും അനങ്ങുന്നില്ല. മന്ത്രിക്കെതിരായി ആരോപണങ്ങള്‍ വന്നപ്പോള്‍ അദ്ദേഹത്തെ ന്യായീകരിച്ച മുഖ്യമന്ത്രി ആരോപണങ്ങള്‍ സത്യമാണെന്ന തെളിഞ്ഞിട്ടും മൗനം പാലിക്കുകയാണ്.
മുഖ്യമന്ത്രിയോട് പരാതി പറയാന്‍ ചെന്നാല്‍ അദ്ദേഹം സോളാറായ നമ, സരിതായ നമ എന്നു മാത്രമാണ് ഉരുവിടുക. ഒരു സരിതയില്ലായിരുന്നെങ്കില്‍ ഇടതു സര്‍ക്കാര്‍ എന്തു ചെയ്യുമായിരുന്നു. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 16 മാസം പിന്നിട്ടിട്ടും സംസ്ഥാനത്ത് ഒന്നും നടക്കുന്നില്ല. വികസനത്തിനു സര്‍ക്കാര്‍ തുരങ്കം വെച്ചു. ഇതിനു പുറമെ അടിക്കടി ഹര്‍ത്താല്‍ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു.
വിനോദ സഞ്ചാരികള്‍ കേരളത്തിലേക്കു വരാത്തത് ഹര്‍ത്താല്‍ പേടി മൂലമാണ്. എന്നാല്‍ മദ്യം കിട്ടാത്തതിനാലാണ് വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞതെന്നു പറഞ്ഞ് സര്‍ക്കാര്‍ മുക്കിന് മുക്കിന് മദ്യഷാപ്പുകള്‍ തുറക്കുകയാണ്. എന്താണ് സര്‍ക്കാരിന്റെ ഭരണനേട്ടം എന്ന് ആരും ചോദിക്കാതിരിക്കാനാണ്, എല്ലാവരെയും കുടിപ്പിച്ചു കിടത്തുക എന്ന നയം സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
ജിഎസ്ടി വന്നതോടെ പൊതുമരാമത്തു ജോലികള്‍ എല്ലാം പ്രതിസന്ധിയിലായി. തിരുവനന്തപുരത്തെ കോര്‍പറേഷന്‍ വാര്‍ഡുകളില്‍ റോഡ് നിര്‍മാണവും അറ്റകുറ്റപ്പണികളുമെല്ലാം നിലച്ചിരിക്കുകയാണ്. ഇടതുമുന്നണി തന്നെ സംസ്ഥാനവും തിരുവനന്തപുരം നഗരസഭയും ഭരിച്ചിട്ടു പോലും കാര്യങ്ങള്‍ പിറകോട്ടു തന്നെയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഞ്ചുവര്‍ഷം സര്‍ക്കാരിനോട് ഏറ്റുമുട്ടിയ നഗരസഭാ ഭരണസമിതിക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളത്. എംഎല്‍എ ഫണ്ടില്‍ നിന്നും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പണം അനുവദിച്ചിട്ടു പോലും അത് ഉപയോഗപ്പെടുത്താന്‍ കോര്‍പറേഷനു കഴിയുന്നില്ല. മത്സരിച്ചു പ്രഖ്യാപിക്കുന്ന പദ്ധതികളെല്ലാം കടലാസില്‍ മാത്രമായി ഒതുങ്ങുന്നു. മാലിന്യനിര്‍മാര്‍ജനം ഉള്‍പ്പെടെയുള്ള അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടിയിട്ട് എന്നു സ്മാര്‍ട്ട് സിറ്റിയുടെ കാര്യം പറഞ്ഞ് എത്രകാലം നഗരസഭയ്ക്കു മുന്നോട്ടു പോകാനാകുമെന്നും മുരളീധരന്‍ ചോദിച്ചു.
വൈകുന്നേരം നടന്ന സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു.നഗരത്തിലെ ജനങ്ങളുടെ ജീവനുപോലും സംരക്ഷണം നൽക്കുന്നതിൽ നഗരസഭ പരാജയപ്പെട്ടുവെന്ന് അദ്ദേനം പറഞ്ഞു. സി പി എം അനുകൂല സംഘടനകളാണ് നഗരസഭ ഭരണം നിയന്ത്രിക്കുന്നത്. നഗരസഭ നിസ്സംഗ സമീപനവുമായി മുന്നോട്ട് പോയാൽ ശക്തമായ ബഹുജന മുന്നേറ്റം യു.ഡി.എഫ് നടത്തുമെന്നും അദ്ദേഹം പറഞ്ഞുകെപിസിസി ജനറല്‍ സെക്രട്ടറി ശരത്ചന്ദ്ര പ്രസാദ് ,
നഗരസഭ യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഡി. അനിൽകുമാർ,ജോണ്‍സണ്‍ ജോസഫ്, ബീമാപള്ളി റഷീദ്, പീറ്റര്‍ സോളമന്‍ വി.ആർ.സിനി, കൃഷ്ണവേണി, അലത്തറ അനിൽ, എസ്.അനിത തുടങ്ങിയവര്‍ പ്രസംഗിച്ചു.