തിരുവനന്തപുരം: ഭൂമി കയ്യേറ്റ വിവാദത്തില്‍പ്പെട്ട മന്ത്രി തോമസ് ചാണ്ടിക്ക് എതിരായ പ്രതിപക്ഷ നേതാവിന്റെ പരാതിയിലും എ.ജിയുടെ നിയമോപദേശം തേടും. വിശദമായ നിയമോപദേശം തേടുന്നതിന്റെ ഭാഗമാണ് നടപടിയെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റബര്‍ 19 നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സിന് പരാതി നല്‍കിയത്. ഈ പരാതിയാണ് എ.ജിയുടെ നിയമോപദേശത്തിനായി വിട്ടത്. പ്രതിപക്ഷനേതാവിന്റെ പരാതിയില്‍ പറയുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ തോമസ് ചാണ്ടിക്കെതിരെ നടപടികളിലേക്ക് കടക്കുന്നത് സംബന്ധിച്ചുള്ള നിയമോപദേശമാണ് സ്വീകരിക്കുക.

എന്നാല്‍ വീണ്ടും നിയമോപദേശം സ്വീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തോമസ് ചാണ്ടിക്ക് എതിരെയുള്ള നടപടികള്‍ വൈകിപ്പിക്കുന്നതിന്റെ ഭാഗമാണെന്ന ആക്ഷേപവും ഉയര്‍ന്നു കഴിഞ്ഞു. പരാതിയില്‍ ആദ്യം അഡീഷണല്‍ പോസിക്യൂട്ടറുടെ നിയമോപദേശം വിജിലന്‍സ് സ്വീകരിച്ചിരുന്നു. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാമെന്നായിരുന്നു നിയമോപദേശം. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ എജിയുടെ നിയമോപദേശവും തേടാന്‍ തീരുമാനിച്ചിരിക്കുന്നത്.