കോഴിക്കോട്: കായല്‍ക്കയ്യേറ്റ വിവാദത്തില്‍ പെട്ടിരിക്കുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ പരിഹസിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ രംഗത്തെത്തി. അലക്കുംവരെ വിഴുപ്പ് ചുമന്നല്ലേ പറ്റൂ, വഴിയില്‍ കളയാനാവില്ലല്ലോ എന്ന് സുധാകരന്‍ പറഞ്ഞു. തോമസ് ചാണ്ടി കോടതിയില്‍ പോയതു ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും രാജിയില്‍ തീരുമാനമെടുക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും സുധാകരന്‍ പറഞ്ഞു.

എന്നെയോ മുഖ്യമന്ത്രിയെയോ നാറുന്നുണ്ടോ എന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സുധാകരന്‍ ചോദിച്ചു. തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ മന്ത്രിസഭയിലും പ്രതിഷേധം ശക്തമാകുന്നതിന്റെ സൂചനയായി സുധാകരന്റെ പരാമര്‍ശം. അതേസമയം, തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ മുഖ്യമന്ത്രി ഇന്നും പ്രതികരണത്തിന് തയാറായില്ല.

കഴിഞ്ഞ ദിവസം ഭരണ പരിഷ്‌കാര അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദനും സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും ചാണ്ടി രാജി വയ്ക്കണമെന്നു തുറന്നുപറഞ്ഞിരുന്നു. രാജിവെച്ചില്ലെങ്കില്‍ പിടിച്ചിറക്കി വിടേണ്ടിവരുമെമെന്നും വിഎസ് അഭിപ്രായപ്പെട്ടിരുന്നു.