തിരുവനന്തപുരം: കായല്‍ കയ്യേറി ആഡംബര റിസോര്‍ട്ട് സ്ഥാപിക്കുകയും ഭൂപരിഷ്‌കരണ നിയമം അട്ടിമറിച്ച് അനധികൃതമായി ഭൂമി കൈവശപ്പെടുത്തുകയും ചെയ്ത ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ യു.ഡി.എഫ് പ്രതിഷേധം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് നേതാക്കള്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ മാര്‍ത്താണ്ഡം കായല്‍ ഉള്‍പ്പെടെയുള്ള കയ്യേറ്റപ്രദേശങ്ങള്‍ ഒക്‌ടോബര്‍ 15-ന് ഉച്ചയ്ക്ക് രണ്ടിന് സന്ദര്‍ശിക്കും. യു.ഡി.എഫ്. നേതാക്കളായ വി.കെ.ഇബ്രാഹിംകുഞ്ഞ്, ജോണി നെല്ലൂര്‍, ഷെയ്ഖ് പി. ഹാരീസ്, സി.പി ജോണ്‍, ഫിലിപ്പ് കെ. തോമസ്, ദേവരാജന്‍ തുടങ്ങിയവരും പ്രതിപക്ഷ നേതാവിനൊപ്പം സ്ഥലം സന്ദര്‍ശിക്കുന്നുണ്ട്. തുടര്‍ന്ന്, കൈനകരിയില്‍ നടക്കുന്ന കയ്യേറ്റ പ്രതിഷേധയോഗത്തില്‍ നേതാക്കള്‍ സംബന്ധിക്കും. കായല്‍ നികത്തല്‍, കൃഷിഭൂമി നികത്തി റിസര്‍ട്ട് പണിയല്‍, റിസോര്‍ട്ടിലേക്ക് അനധികൃതമായി റോഡ് നിര്‍മ്മിക്കല്‍, നിലം നികത്തി പാര്‍ക്കിംഗ് സ്‌പേസ് ഉണ്ടാക്കല്‍, കായല്‍ വളച്ചുകെട്ടി സ്വകാര്യ സ്വത്തായി ഉപയോഗിക്കല്‍ തുടങ്ങിയ പരാതികളാണ് മന്ത്രിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.
ഇതിനിടെ, തോമസ് ചാണ്ടിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും നിലപാടിനെതിരെ സമൂഹത്തിന്റെ വിവിധതലങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. തോമസ് ചാണ്ടി കായല്‍ കയ്യേറ്റവും നിയമലംഘനവും നടത്തിയെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തല്‍ ഒരു നിമിഷം വൈകിക്കാതെ മന്ത്രിയുടെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ഒരു സെന്റ് ഭൂമിയെങ്കിലും കയ്യേറിയിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ മന്ത്രിസ്ഥാനം മാത്രമല്ല എം.എല്‍.എ സ്ഥാനവും രാജിവച്ച് വീട്ടില്‍ പോകുമെന്നാണ് മന്ത്രി തോമസ് ചാണ്ടി നിയമസഭയില്‍ പ്രഖ്യാപിച്ചത്. ജില്ലാകളക്ടറുടെ റിപ്പോര്‍ട്ടില്‍ നിയമലംഘനം ചൂണ്ടിക്കാണിക്കപ്പെട്ട സാഹചര്യത്തില്‍, പറയുന്ന വാക്കിന് വിലയുണ്ടെങ്കില്‍ മന്ത്രിസ്ഥാനവും എം.എല്‍.എ സ്ഥാനവും രാജിവെച്ച് തോമസ് ചാണ്ടി വീട്ടില്‍ പോയിരിക്കണമെന്നായിരുന്നു ഇതിന് ചെന്നിത്തല നല്‍കിയ മറുപടി.
അതേസമയം, കായല്‍ കയ്യേറ്റത്തിനെതിരെ റിപ്പോര്‍ട്ട് നല്‍കിയ ജില്ലാ കളക്ടര്‍ ടി.വി അനുപമയ്‌ക്കെതിരെ മന്ത്രി തോമസ് ചാണ്ടി നടത്തിയ പരാമര്‍ശത്തിനെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. തോമസ് ചാണ്ടിയുടെ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത് കായല്‍ നികത്തിയ സ്ഥലത്താണെന്നും ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ഇത് കണ്ടെത്തിയെന്നും കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മന്ത്രിക്കെതിരെ ഉയര്‍ന്നിരിക്കുന്നത് ഒന്നിലധികം പരാതികള്‍ ആയതിനാല്‍ അവ ഓരോന്നും പ്രത്യേകം പ്രത്യേകം പരിശോധിക്കേണ്ടതുണ്ടെന്നും കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതാണ് ജില്ലാ കളക്ടര്‍ ടി.വി അനുപമയ്‌ക്കെതിരെ തിരിയാന്‍ തോമസ് ചാണ്ടിയെ പ്രേരിപ്പിച്ചത്.
മന്ത്രിയുടെ നിയമലംഘനങ്ങളെക്കുറിച്ച് മുമ്പ് പരാതി ഉയര്‍ന്നഘട്ടത്തില്‍ അന്നത്തെ ജില്ലാകളക്ടര്‍ വീണാമാധവന്‍, തോമസ് ചാണ്ടിയെ വെള്ളപൂശിയാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ വീണ്ടും പരാതികള്‍ തെളിവുസഹിതം പുറത്തുവന്നതോടെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ വിശദാംശങ്ങള്‍ തേടി. ഡെപ്യൂട്ടി കളക്ടര്‍ തയാറാക്കിയ റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് നല്‍കിയതെന്നായിരുന്നു അന്ന് വീണാമാധവന്റെ മറുപടി. മാത്തൂര്‍ ദേവസ്വം മന്ത്രിക്കെതിരെ പരസ്യമായി രംഗത്തുവന്നതോടെയാണ് പിന്നീട് ആലപ്പുഴയിലേക്ക് സ്ഥലം മാറി വന്ന ജില്ലാ കളക്ടര്‍ ടി.വി അനുപമയോട് സ്ഥലത്ത് നേരിട്ട് പോയി അന്വേഷണം നടത്താന്‍ റവന്യൂ മന്ത്രി നിര്‍ദ്ദേശിച്ചത്.