കൊച്ചി: കായല്‍ കൈയ്യേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. തോമസ് ചാണ്ടി ജില്ലാ കളക്ടര്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയടക്കം മന്ത്രിയുടെ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

ഹര്‍ജിയുടെ ആദ്യ വരിയില്‍ മന്ത്രിയാണ് പരാതിക്കാരന്‍ എന്ന് പറയുന്നു. ഒരു മന്ത്രിക്ക് കേസ് കൊടുക്കാന്‍ കഴിയില്ല, വ്യക്തിക്കേ സാധിക്കുകയുള്ളൂ എന്ന് പറഞ്ഞ കോടതി, മന്ത്രിക്ക് സര്‍ക്കാരിനെതിരെ കേസ് കൊടുക്കാന്‍ കഴിയുമോ എന്ന് ചോദിച്ചു. വ്യക്്തിപരമായ ഉത്തരവാദിത്വത്തില്‍ നിന്ന് മന്ത്രിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

വാട്ടര്‍ വേള്‍ഡ് കമ്പനിയുടെ ഉടമസ്ഥന്‍ മന്ത്രിയാണോ? മന്ത്രി സമര്‍പ്പിച്ച ഹര്‍ജിയുടെ വസ്തുത പരിശോധിക്കും. മന്ത്രി ഹര്‍ജി ഫയല്‍ ചെയ്യുന്നത് അപൂര്‍വ്വമാണെന്നും ഹൈക്കോടതി പറഞ്ഞു.

തോമസ് ചാണ്ടിക്ക് പുറമേ റവന്യൂ മന്ത്രിയേയും അഡ്വ. ഹരീഷ് വാസുദേവനെയും കോടതി വിമര്‍ശിച്ചു. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിനാണ് അഡ്വ. ഹരീഷ് വാസുദേവന് കോടതി വിമര്‍ശനം നേരിടേണ്ടി വന്നത്.