തിരുവനന്തപുരം: മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റം, ഭൂപരിഷ്കരണ നിയമം ലംഘിച്ച് ഭൂമി കൈവശം വെയ്ക്കല്‍, സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃതമായി ആഢംബര റിസോര്‍ട്ട് നിര്‍മ്മിക്കല്‍ തുടങ്ങിയ ഗുരുതരമായ നിയമലംഘനങ്ങള്‍ നടത്തിയ ഗതാഗത മന്ത്രി തോമസ് ചാണ്ടി മന്ത്രിസഭയില്‍ നിന്ന് പുറത്തേക്ക്.
മന്ത്രിയുടെ നിയമലംഘനങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് ആലപ്പുഴ ജില്ലാകളക്ടര്‍ ടി.വി അനുപമ സമര്‍പ്പിച്ച റിപ്പോര്ട്ടിന്മേല് ശക്തമായ നടപടി വേണമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് തോമസ് ചാണ്ടിയെ ഒഴിവാക്കാന്‍ ആലോചിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെയുള്ളവര്‍ തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാട് തുടരുന്നതിനെതിരെ ഇടതുമുന്നണിക്കുള്ളില്‍ പ്രതിഷേധം ശക്തമായതും മന്ത്രിയെ പദവിയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ പ്രേരണ നല്‍കുന്നുണ്ട്.
ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ട് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് തോമസ് ചാണ്ടിക്കെതിരെ നടപടി ആവശ്യപ്പെട്ടത്. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടി ഒന്നിലേറെ തവണ നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി അറിയിച്ചു. അതേസമയം, നിയമലംഘനം തടയുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി വേണമെന്ന് കളക്ടറുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശയും മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
വാട്ടര്‍വേള്‍ഡ് കമ്പനി ഭൂമികൈയേറ്റം നടത്തിയതായി കളക്ടറുടെ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മാര്‍ത്താണ്ഡം കായല്‍ മണ്ണിട്ട് നികത്തിയതിലും പാര്‍ക്കിങ് ഗ്രൗണ്ടും റോഡും നിര്‍മ്മിച്ചതിലും നിയമലംഘനം നടന്നായി കളക്ടറുടെ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നുവെന്ന് റവന്യൂ മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ സെക്ഷന്‍ ഏഴ് പ്രകാരം കമ്പനി ചെയ്യുന്ന ലംഘനങ്ങള്‍ക്ക് ഡയറക്ടര്‍മാരെല്ലാം ഉത്തരവാദികളാണ്, അതിനാല്‍, വാട്ടര്‍ വേള്‍ഡ് കമ്പനിയുടെ നേതൃത്വത്തില്‍ നടന്ന നിലംനികത്തലിന് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗമായ തോമസ് ചാണ്ടിക്കെതിരെ കുറ്റം നിലനില്‍ക്കുമെന്നും കളക്ടറുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ആലപ്പുഴയിലെ ജില്ലാ ഭരണാധികാരികള്‍ക്കും കയ്യേറ്റ വിഷയത്തില്‍ പങ്കുണ്ടെന്നും കളക്ടറുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തഹസില്‍ദാര്‍, മുന്‍ കളക്ടര്‍, ജില്ലാ ഭരണാധികാരികള്‍ തുടങ്ങിയവരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് നിയമലംഘനത്തിന് കാരണമായത്. അതിനാല്‍ ഇതില്‍ പങ്കുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്. തോമസ് ചാണ്ടിക്കെതിരെ നടപടിയെടുക്കാന്‍ റവന്യൂ വകുപ്പിനും സര്‍ക്കാരിനു ബാധ്യതയുണ്ട്. എന്നാല്‍ എന്ത് നടപടി വേണമെന്ന് മുഖ്യമന്ത്രിക്ക് നിര്‍ദ്ദേശിക്കാം. ആവശ്യമെങ്കില്‍ നിയമോപദേശം തേടണമെന്നും റവന്യൂ മന്ത്രി അറിയിച്ചിട്ടുണ്ട്.
ജില്ലാ കളക്ടര്‍ ടി.വി അനുപമ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന് തോമസ് ചാണ്ടി നടത്തിയ നിയമലംഘനങ്ങളില്‍ സ്വീകരിക്കേണ്ട നടപടി ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തി ഇന്നലെ രാവിലെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് കൈമാറിയിരുന്നു. കളക്ടറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഗുരുതരമാണെന്നും മന്ത്രിക്കെതിരെ കടുത്ത നടപടി ആകാമെന്നുമായിരുന്നു റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ മൂന്നുപേജുള്ള കുറിപ്പിലെ ശുപാര്‍ശ. ഈ റിപ്പോര്ട്ടിന്മേല് നിയമോപദേശം തേടിയ ശേഷം അന്തിമ തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളും തുടര്‍നടപടികളും ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്.