കോഴിക്കോട്: ഗതാഗത മന്ത്രി തോമസ് ചാണ്ടി ഭൂമി കൈയേറ്റം നടത്തിയെന്ന് കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും അദ്ദേഹം മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ ദുരൂഹതയുണ്ടെന്ന് മുന്‍ കെ പി സി സി പ്രസിഡന്റ് വിഎം സുധീരന്‍. കുറ്റകൃത്യങ്ങള്‍ ചെയ്ത തോമസ് ചാണ്ടിയുടെ വിരട്ടലില്‍ മുഖ്യമന്ത്രി മുട്ടുമടക്കുകയാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി.
പാവങ്ങള്‍ക്ക് ഒരു നീതി പണക്കാരന് വേറൊരു നീതി എന്നതാണ് സര്‍ക്കാര്‍ നയമെന്ന് തോമസ് ചാണ്ടി വിഷയത്തിലൂടെ തെളിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിയുടെ സമീപനം അതാണ് വ്യക്തമാക്കുന്നത്. കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും തോമസ് ചാണ്ടിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. മുഖ്യമന്ത്രിയെ വിരട്ടിയാണ് തോമസ് ചാണ്ടി മന്ത്രിസ്ഥാനത്ത് തുടരുന്നതെന്നും സുധീരന്‍ പറഞ്ഞു.
ഗെയ്ല്‍ വിരുദ്ധസമരത്തെ തുടര്‍ന്ന് വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള തീരുമാനങ്ങള്‍ ഉണ്ടായില്ലെന്നും സുധീരന്‍ കുറ്റപ്പെടുത്തി. സര്‍വ്വകക്ഷിയോഗം പരാജയമായിരുന്നു. ചര്‍ച്ച നടത്തിയെന്ന് കാണിക്കാന്‍ വേണ്ടി മാത്രമായിരുന്നു കഴിഞ്ഞ ദിവസം യോഗം വിളിച്ചത്. ഇതിലൂടെ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു.
മുന്‍ വിധിയോടെയായിരുന്നു ചര്‍ച്ച നടത്തിയത്. അടിച്ചമര്‍ത്തി ജനങ്ങളെ നിലയ്ക്ക് നിര്‍ത്താമെന്ന ഫാസിസ്റ്റ് സമീപനമാണ് സര്‍ക്കാരിന്റേത്. പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാര്‍ തെറ്റുതിരുത്തണം. സുധീരന്‍ പറഞ്ഞു.
ഗെയ്ല്‍ സമരം ജനങ്ങളുടെ സമരമാണെന്നും അതിനെ രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു. തന്റെ മനസ് പ്രതിഷേധക്കാര്‍ക്ക് ഒപ്പമാണെന്നും സമരസമിതി ആവശ്യപ്പെട്ടാല്‍ എപ്പോള്‍ വേണമെങ്കിലും പ്രക്ഷോഭത്തില്‍ അണിചേരാന്‍ താന്‍ തയ്യാറാണെന്നും സുധീരന്‍ വ്യക്തമാക്കി.