ബെയ്ജിങ്: ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമയുമായി കൂടിക്കാഴ്ച നടത്തുന്നതും ആതിഥ്യമരുളുന്നതുമായ രാജ്യത്തേയോ സംഘടനയേയോ കുറ്റക്കാരായി കണക്കാക്കുമെന്ന് ചൈന.

ദലൈലാമയുമായി കൂടിക്കാഴ്ചകള്‍ ചൈനയിലെ ജനങ്ങളുടെ ദേശീയ വികാരത്തിനെതിരാണെന്നും ചൈനയുമായി സൗഹൃദ ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്ന ലോകരാഷ്ട്രങ്ങള്‍ ചൈനയുടെ പരമാധികാരത്തെ ബഹുമാനിക്കണമെന്നും ചൈനീസ് സര്‍ക്കാര്‍ വക്താവ് ഷാങ് യിജിയോങ് പറഞ്ഞു.

ടിബറ്റിന് സ്വയംഭരണാവകാശം വേണമെന്ന നിലപാട് ദലൈലാമ വ്യക്തമാക്കിയതാണ് ചൈനയെ പ്രകോപിപ്പിച്ചത്. നേരത്തെയും ഈ വിഷയത്തില്‍ ചൈന ഇതേ നിലപാട് അറിടിച്ചിരുന്നു. ദലൈലാമയ്ക്ക് അരുണാചല്‍ പ്രദേശില്‍ സന്ദര്‍ശനം നടത്താന്‍ അനുമതി നല്‍കിയ ഇന്ത്യന്‍ നിലപാടിനെതിരെയും ചൈന നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ബെയ്ജിങ്ങുമായി നയതന്ത്ര ബന്ധം പുലര്‍ത്തുന്ന എല്ലാ രാഷ്ട്രങ്ങളും ടിബറ്റ് ചൈനയുടെ ഭാഗമാണെന്ന് തിരിച്ചറിയണമെന്ന നിര്‍ബന്ധവും ചൈന മുന്നോട്ട് വച്ചിരുന്നു.