ചെന്നൈ:തമിഴ്‌നാട്ടില്‍ എടപ്പാടി പളനിസാമിക്കുള്ള പിന്തുണ പിന്‍വലിച്ച് ദിനകരനൊപ്പം പോയ 18 എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചു. അണ്ണാ ഡി.എം.കെയോട് ഇടഞ്ഞ് ടി.ടി.വി.ദിനകരനൊപ്പം പോയ എം.എല്‍.എമാരെ തമിഴ്‌നാട് നിയമസഭാ സ്പീക്കര്‍ പി. ധനപാലന്‍ കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് അയോഗ്യരാക്കിയത്.അയോഗ്യരാക്കിയ നടപടി ഹൈക്കോടതി ശരിവച്ചിരുന്നില്ലെങ്കില്‍ തമിഴ്‌നാട് സര്‍ക്കാരിന് സഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെടുമായിരുന്നു. അതുകൊണ്ട്‌ ഈ വിധി പളനിസ്വാമിക്ക് ആശ്വാസമാകുകയാണ്.
അയോഗ്യരാക്കിയതോടെ എം.എല്‍.എമാര്‍ക്ക് സീറ്റും നഷ്ടമാകും.
ദിനകരനൊപ്പം ചേര്‍ന്ന 19 എ.ഡി.എം.കെ എം.എല്‍.എമാര്‍ക്ക് ചീഫ് വിപ്പിന്റെ നിര്‍ദ്ദേശപ്രകാരം നേരത്തേ നോട്ടീസ് നല്‍കിയിരുന്നു.എന്നാല്‍ എസ്.ടി.കെ.ജക്കയ്യന്‍ ഒഴികെയുള്ള എം.എല്‍.എമാര്‍ പാര്‍ട്ടി അംഗത്വം രാജിവയ്ക്കുകയോ മറ്റ് പാര്‍ട്ടികളില്‍ അംഗത്വം നേടുകയോ ചെയ്തില്ല.തുടര്‍ന്നാണ് സ്പീക്കര്‍ ഇവരെ അയോഗ്യരാക്കിയത്.എടപ്പാടി പളനിസ്വാമിയും പനീര്‍ സെല്‍വവും ഒരുമിച്ചപ്പോഴാണ് എം.എല്‍.എമാര്‍ കൂറുമാറി ദിനകരനൊപ്പം ചേര്‍ന്നത്.
പതിനെട്ട് എം.എല്‍.എമാരെ അയോഗ്യരാക്കിയതോടെ 234 അംഗ നിയമസഭയില്‍ ഇനി 216 എം.എല്‍.എമാര്‍ മാത്രമാണുള്ളത്.അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ സീറ്റില്‍ നിന്നാണ് ടി.ടി.വി.ദിനകരന്‍ ജയിച്ചത്.