കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ച നടന്‍ ദിലീപിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു. ഇന്ന് രാവിലെ ആലുവ പോലീസ് ക്ലബ്ബിലേക്ക് ദിലീപിനെ വിളിച്ചുവരുത്തി നടത്തിയ ചോദ്യം ചെയ്യല്‍ രണ്ടേകാല്‍ മണിക്കൂര്‍ നീണ്ടു.

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായായിരുന്നു അന്വേഷണ സംഘം ദിലീപിനെ ചോദ്യം ചെയ്തത്. ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെ ദിലീപ് പോലീസ് ക്ലബ്ബില്‍ നിന്ന് മടങ്ങി. നടി ആക്രമിക്കപ്പെട്ട സമയത്ത് താന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്ന ദിലീപിന്റെ മുന്‍വാദത്തില്‍ വ്യക്തത വരുത്താനായിരുന്നു ഇന്നത്തെ ചോദ്യം ചെയ്യല്ലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

പഴുതുകളടച്ച് ശക്തമായ തെളിവുകള്‍ നിരത്തി കുറ്റപത്രം സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് അന്വഷണസംഘത്തിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍. എസ്.പി സുദര്‍ശനന്‍, സി.ഐ ബിജു പൗലോസ് എന്നിവരാണ് ദിലീപിനെ ചോദ്യം ചെയ്തത്.