അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപ് വിദേശത്ത് പോകാന്‍ കോടതി അനുമതി ലഭിച്ചതിനെ തുടര്‍ന്ന് പാസ്‌പോര്‍ട്ട് വാങ്ങുന്നതിനായി ഇന്ന് കോടതിയിലെത്തി. അങ്കമാലി മജിസ്‌ട്രേട്ട് കോടതിയിലെത്തിയ ദിലീപ് കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തായതിനെതിരേ ഹര്‍ജി സമര്‍പ്പിച്ചു.

ഉച്ചകഴിഞ്ഞ് 3.40ന് അഭിഭാഷകര്‍ക്കൊപ്പം കോടതിയിലെത്തിയാണ് ദിലീപ് പാസ്‌പോര്‍ട്ട് സ്വീകരിച്ചത്. ഇതിനിടെ കുറ്റപത്രം ചോര്‍ന്നത് സംബന്ധിച്ച് അന്വേഷണമാവശ്യപ്പെട്ട് ഹര്‍ജി നല്‍കുകയായിരുന്നു. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.

നേരത്തേ, കോടതിയില്‍ എത്തും മുമ്പേ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തായത് വിവാദമായിരുന്നു. ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് ഡിസംബര്‍ ഒന്നിന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതായാണ് സൂചന.

ദിലീപിന്റെ ഉടമസ്ഥതയിലൂള്ള സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി വിദേശത്ത് പോകാനാണ് കോടതി ദിലീപിന് ഉപാധികളോടെ പാസ്‌പോര്‍ട്ട് തിരികെ നല്‍കിയിരിക്കുന്നത്. ആറ് ദിവസത്തേക്കാണ് ഹൈക്കോടതി പാസ്‌പോര്‍ട്ട് അനുവദിച്ചിരിക്കുന്നത്.