ദില്ലി:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ഒരു എംപിക്കു കിട്ടേണ്ട ആനുകൂല്യങ്ങളെല്ലാം നേടി ക്യാബിനറ്റ് പദവിയില്‍ എ സമ്പത്ത് ദില്ലിയിലേക്ക്.കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി എ സമ്പത്തിനെ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം നിയമിച്ചു.കേരള ഹൗസില്‍ സമ്പത്തിന് പ്രത്യേക ഓഫീസും വാഹനവും ഒപ്പം ഓഫീസില്‍ രണ്ട് സെക്രട്ടേറിയറ്റ് അസിസ്റ്റന്റുമാരെയും നിയമിക്കും.അലവന്‍സുള്‍പ്പെടെ 90,000 രൂപ സമ്പത്തിന് ശമ്പളമായി ലഭിക്കുമെന്നാണ് വിവരം.

2009 മുതല്‍ പത്ത് വര്‍ഷക്കാലം ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയായി പ്രവര്‍ത്തിച്ച സമ്പത്ത് ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശിനോട് പരാജയപ്പെട്ടിരുന്നു. ദേശീയപാതാ വികസനമുള്‍പ്പെടെ പല കേന്ദ്രപദ്ധതികളും വൈകുന്നത് ഉദേ്യാഗസ്ഥതലത്തിലെ പോരായ്മ മൂലമാണെന്നും അതിനാല്‍ സര്‍ക്കാര്‍ നയങ്ങള്‍ വ്യക്തമായി അറിയാവുന്ന ഒരാള്‍ ദില്ലിയിലുണ്ടാവുന്നത് പ്രയോജനം ചെയ്യുമെന്നുമാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
അതേസമയം പ്രളയത്തെ അതിജീവിക്കാന്‍ പാടുപെടുന്ന സംസ്ഥാനത്തിന് ഇത്തരം പദവികള്‍ അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സമ്പത്തിന്റെ നിയമനത്തില്‍ ഇതിനോടകം വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.