ന്യൂഡൽഹി: പുതിയ മന്ത്രിസഭയിൽ ആരൊക്കെയാകും സ്ഥാനം കണ്ടെത്തുകയെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും എന്നാൽ വിജയം കണ്ടെത്തിയ എല്ലാ മന്ത്രിമാരെയും അരവിന്ദ് കെജ്‌രിവാൾ നിലനിർത്താൻ സാധ്യതയുണ്ടെന്നും ആം ആദ്മി പാർട്ടി ബുധനാഴ്ച അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന് ശേഷം രാഘവ് ചദ്ദയ്ക്കും അതിഷിക്കും കാബിനറ്റ് ബെർത്ത് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. മനീഷ് സിസോഡിയ, രാജേന്ദ്ര പാൽ ഗൗതം , സത്യേന്ദർ ജെയിൻ, കൈലാഷ് ഗഹ്‌ലോട്ട്, ഗോപാൽ റായ്, ഇമ്രാൻ ഹുസൈൻ എന്നിവരെ പുതിയ ആം ആദ്മി സർക്കാരിൽ നിലനിർത്താൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

ഫെബ്രുവരി 16 ന് ചരിത്രപ്രാധാന്യമുള്ള രാംലീല മൈതാനത്ത് അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. എല്ലാ കാബിനറ്റ് മന്ത്രിമാരും കെജ്‌രിവാളിനൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്ന് മനീഷ് സിസോഡിയ പറഞ്ഞു.

രാംലീല മൈതാനത്ത് നടക്കുന്ന മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ദില്ലി ജനതയോട് ഞാൻ അഭ്യർത്ഥിക്കുന്നു, രാവിലെ 10 ന് ചടങ്ങ് നടക്കുമെന്ന് സിസോഡിയ പറഞ്ഞു. ദില്ലി നിയമസഭയിലെ മൊത്തം 70 സീറ്റുകളിൽ 62 എണ്ണവും ആം ആദ്മി പാർട്ടി നേടി.സംപൂജ്യരായ കോൺഗ്രസ്സാണ് കനത്ത പ്രഹരം ഏറ്റുവാങ്ങിയത് .കോൺഗ്രസ്സിനെ പൂർണ്ണമായും തച്ചുതകർത്ത ആം ആദ്മി പാർട്ടി സംസ്ഥാനത്തു കോൺഗ്രസിന് ലഭിച്ചുകൊണ്ടിരുന്ന വോട്ടുവിഹിതം ഏതാണ്ട് പൂർണ്ണമായും സ്വന്തമാക്കി .