തിരുവനന്തപുരം: ആര്‍.എസ്.എസ് നേതാവ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ നല്‍കിയതിനെതിരെ വി.എം സുധീരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നയമെന്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ‘മതനിരപേക്ഷത അപകടപ്പെടുത്താന്‍ വിദ്യാഭ്യാസ മേഖലയെ ഉപയോഗിക്കുന്നു’ എന്ന് വിലപിക്കുന്ന മുഖ്യമന്ത്രിയുടെ ഭരണത്തിന്‍ കീഴില്‍ തന്നെയാണ് ആര്‍.എസ്.എസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് കളമൊരുക്കുന്നത്. ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ യു.പി, സെക്കന്ററി ക്ലാസുകളില്‍ നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കീഴുദ്യോഗസ്ഥര്‍ക്കും അവര്‍ മുഖേന പ്രഥമ അധ്യാപകര്‍ക്കും നല്‍കിയ ഔദ്യോഗിക നിര്‍ദേശത്തെ കുറിച്ച് മുഖ്യമന്ത്രിക്ക് എന്ത് പറയാനുണ്ട്. ഭാരതത്തിന്റെ മഹത്തായ ചരിത്രത്തെയും ചരിത്ര പുരുഷന്മാരേയും തമസ്‌കരിക്കാനും ആര്‍.എസ്.എസ് നായകരെ മഹത്വവല്‍ക്കരിക്കാനും ആര്‍.എസ്.എസ് വിഭാഗമായ വിദ്യാഭാരതി പോലുള്ള പ്രസ്ഥാനങ്ങള്‍ നടത്തുന്ന കുല്‍സിത ശ്രമങ്ങള്‍ നിര്‍ബാധം നടത്താന്‍ സര്‍വ്വസൗകര്യവും ചെയ്തു കൊടുക്കുന്നത് എന്തുകൊണ്ട്?
ജനങ്ങളുടെ മുന്നില്‍ പരസ്യമായി ആര്‍.എസ്.എസ് വിരോധം പറയുകയും പ്രചരിപ്പിക്കുകയും രഹസ്യമായി അവര്‍ക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കുകയും അവരെ വളര്‍ത്തുന്നതിന് വേണ്ട സന്നാഹങ്ങള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടേയും കേരളത്തിലെ സി.പി.എം നേതൃത്വത്തിന്റെയും ഇരട്ടത്താപ്പ് രാഷ്ട്രീയമാണ് ഇതിലെല്ലാം പ്രകടമാകുന്നത്. ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ വിദ്യാലയങ്ങളില്‍ നടത്താന്‍ പാടില്ലെന്ന് എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തില്ല?. ഇപ്പോഴത്തെ ഡി.പി.ഐയുടെ സര്‍ക്കുലര്‍ പോലൊന്ന് കീഴ്ഘടകങ്ങള്‍ക്ക് നല്‍കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്ന് എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞില്ല?. രാജ്യത്തിനോ സ്വാതന്ത്ര്യ സമരത്തിനോ വേണ്ടി ഒന്നും ചെയ്യാത്തവരെ സ്വാതന്ത്ര്യ സമര സേനാനികളുടെ രൂപത്തില്‍ അവതരിപ്പിക്കുകയാണ് ആര്‍.എസ്.എസിന്റെ അജണ്ട. ‘സാമ്രാജ്യത്വത്തിന്റെ സജീവ കൂട്ടാളി’ എന്ന് പ്രസിദ്ധ ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ച ആര്‍.എസ്.എസ് നായകരെ സ്വാതന്ത്ര്യ സമര സേനാനികളായി അവതരിപ്പിക്കുന്നത് ചരിത്ര സത്യത്തെ നിഷേധിക്കലാണ്. ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ അവസരമൊരുക്കിയ സംസ്ഥാന സര്‍ക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ ആര്‍.എസ്.എസിന്റെ ഗൂഢലക്ഷ്യ സാക്ഷാത്കാരത്തിന് നിന്നു കൊടുക്കുകയാണ് ചെയ്യുന്നത്.
മുഖ്യമന്ത്രിയും സി.പി.എമ്മും ബി.ജെ.പി സര്‍ക്കാരും ആര്‍.എസ്.എസുമായി നടത്തുന്ന ഒത്തുകളിയുടെ ഭാഗമാണിതെല്ലാം. കേരളത്തിലെ സി.പി.എം നേതൃത്വം താല്‍കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബി.ജെ.പി-ആര്‍.എസ്.എസുമായി ഒത്തുകളിച്ച് ചിലപ്പോള്‍ സംഘര്‍ഷമുണ്ടാക്കുന്നു, ചിലപ്പോള്‍ സമരസപ്പെടുന്നു, പിന്നെ ഒത്തുകളിക്കുന്നു. ഇക്കൂട്ടരുടെ ഈ കാപട്യം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഏറെക്കാലം സി പി എമ്മിന് ജനങ്ങളെ കബളിപ്പിക്കാനാവില്ല.