തിരുവനന്തപുരം: ജനസംഘം സ്ഥാപക നേതാവും ആര്‍.എസ്.എസ് താത്വികാചാര്യനുമായിരുന്ന  ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി കേരളത്തിലെ സ്‌കൂളുകളില്‍ ആഘോഷിക്കാന്‍ ആവശ്യപ്പെട്ട് സ്‌കൂളുകള്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്  സി.പി.എം-ബി.ജെ.പി രഹസ്യബന്ധത്തിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍.
ആര്‍.എസ്.എസിനും സംഘപരിവാറിനുമെതിരേ തീ തുപ്പുന്ന പ്രസംഗവുമായി നടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ദീന്‍ ദയാല്‍ ഉപാധ്യയയുടെ ജന്മശതാബ്ദിയുടെ ഭാഗമായി അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനവും പരിചയപ്പെടുത്താനുതകും വിധം  ഉപന്യാസ രചന, പ്രച്ഛന്ന വേഷം, കവിതാ രചന തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിത്. വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുള്ള സര്‍ക്കുലര്‍ ബി.ജെ.പി പ്രീണനത്തിന്റെ ഭാഗമാണ്.
ബി.ജെ.പി ഇതരസംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര മാനവവിഭവശേഷി മന്ത്രലായത്തില്‍ നിന്നും ലഭിച്ച സമാനസ്വഭാവമുള്ള സര്‍ക്കുലര്‍  ചവിറ്റ്‌ക്കൊട്ടയില്‍ വലിച്ചെറിഞ്ഞപ്പോള്‍ കേരളത്തില്‍ മാത്രമാണ് അത് നടപ്പിലാക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഈ നടപടി എല്‍.ഡി.എഫിന്റെയും സി.പി.എമ്മിന്റെയും മൃദുഹിന്ദുത്വ സമീപനത്തിന്റെ ഭാഗമാണ്. സിപി.എമ്മിന്റെ മൃദുഹിന്ദുത്വ സമീപനത്തിന് ഓരോ ദിവസം കഴിയുംന്തോറും പുതിയ തെളിവുകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ വിദ്യാഭ്യാസ മന്ത്രി അറിയാതെയാണെന്ന വാദം വിശ്വസനീയമല്ല.  മന്ത്രി അറിയാതെ ഇതുപോലൊരു വിഷയത്തില്‍ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടെങ്കില്‍ അത് വിദ്യാഭ്യസമന്ത്രിയുടെ പിടിപ്പുകേടാണ്. എത്രയും വേഗം സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.