തിരുവനന്തപുരം: ജനസംഘം സ്ഥാപകന്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ സ്‌കൂളുകള്‍ക്ക് പൊതുവിദ്യാഭ്യാസ സെക്രട്ടറി സര്‍ക്കുലര്‍ നല്‍കിയത് പരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. ദീന്‍ദയാല്‍ ജന്മശതാബ്ദി സര്‍ക്കുലറില്‍ സര്‍ക്കാര്‍ വെട്ടിലായതോടെയാണ് ഒന്നും അറിഞ്ഞില്ലെന്ന വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി രംഗത്തെത്തിയത്.
സ്‌കൂളുകളില്‍ ദീന്‍ദയാല്‍ ജന്മശതാബ്ദി ആഘോഷിക്കണമെന്ന കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം അതേപടി താഴേതട്ടിലേക്ക് പൊതുവിദ്യാഭ്യാസ സെക്രട്ടറി കൈമാറിയെന്നാണ് മന്ത്രി പറയുന്നത്. കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കൂടുതല്‍ ജാഗ്രത വേണമെന്നും മന്ത്രി സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
എല്ലാം സെക്രട്ടറിയുടെ തലയില്‍ മന്ത്രി കെട്ടിവെക്കുമ്പോള്‍ വിവാദത്തില്‍ സിപിഎമ്മിന് അതൃപ്തിയുണ്ട്. വിവാദ സര്‍ക്കുലര്‍, പ്രതിപക്ഷം സര്‍ക്കാറിനെതിരെ ആയുധമാക്കുകയും ചെയ്തു. സ്‌കോളര്‍ഷിപ്പ് പരീക്ഷക്ക് സംഘപരിവാര്‍ ആശയ പ്രചാരണത്തിനുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്ത വിവാദം നിലനില്‍ക്കുമ്പോഴാണ് ദീന്‍ദയാല്‍ ആഘോഷ സര്‍ക്കുലറും ചര്‍ച്ചയാകുന്നത്.