ആലപ്പുഴ: കവിതാ മോഷണ വിവാദത്തില്‍ പെട്ട ദീപാ നിശാന്തിനെ വിധികര്‍ത്താവായി നിയോഗിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളെത്തുടര്‍ന്ന് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഉപന്യാസ മത്സരം വീണ്ടും മൂല്യനിര്‍ണയം നടത്തിയേക്കും.ദീപയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിപിഐക്ക് പരാതി നല്‍കി.രേഖാമൂലം പരാതി കിട്ടിയെന്നും പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും പൊതുവിദ്യാസ ഡയറക്ടര്‍ അറിയിച്ചു.പരാതി ഹയര്‍ അപ്പീല്‍ സമിതിക്ക് കൈമാറി.
മലയാളം ഉപന്യാസ മത്സരത്തിന് വിധികര്‍ത്താവായി ദീപാ നിശാന്ത് എത്തിയതിനെതിരെ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു,എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി കലോത്സവ വേദിയിലേക്ക് എത്തിയിരുന്നു. വിധിനിര്‍ണ്ണയത്തിന് ശേഷം കനത്ത സുരക്ഷയോടെ പൊലീസ് വാഹനത്തിലാണ് ദീപാ നിശാന്ത് മടങ്ങിയത്.ദീപാ നിശാന്തിനെ വിധി കര്‍ത്താവാക്കിയതിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിമര്‍ശിക്കുകയും ഡിപിഐയെ വിളിച്ച് പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ സ്‌കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താവായി വന്നത് അധ്യാപിക എന്ന നിലയില്‍ ആണെന്നും കവിത വിവാദവുമായി ഇത് കൂട്ടിക്കുഴയ്‌ക്കേണ്ടെന്നുമാണ് ദീപാ നിശാന്ത് പ്രതികരിച്ചത്.എസ് കലേഷിനോടും പൊതുസമൂഹത്തോടും മാപ്പു പറഞ്ഞതാണെന്നും എന്നാല്‍ വിവാദം തുടരാന്‍ ആഗ്രഹിക്കുന്നവരുണ്ടെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ കവിതാ മോഷണ വിവാദം ഉണ്ടാകുന്നതിനും മുമ്പാണ് ദീപാ നിശാന്തിനെ മലയാളം ഉപന്യാസ മത്സരത്തിന്റെ വിധികര്‍ത്താവായി നിശ്ചയിച്ചതെന്നാണ് അധികൃതര്‍ പറഞ്ഞത്.