തിരുവനന്തപുരം: കനത്ത മഴതന്നെയായിരുന്നു നാം നേരിട്ട പ്രളയത്തിനുകാരണമെന്ന് ഭരണപരിഷ്‌കാരക്കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്ചുതാനന്ദന്‍.എന്നാല്‍ ദുരന്തത്തിന് ആക്കം കൂട്ടിയത് കുന്നിടിച്ചിലും ഉരുള്‍ പൊട്ടലുമാണ്.ആ കുന്നിടിച്ചിലുകള്‍ക്ക് ആക്കം കൂട്ടിയത് നാം പ്രകൃതിയില്‍ നടത്തിയ ഇടപെടലുകളുമാണെന്നും വിഎസ് പറഞ്ഞു.പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ചേര്‍ന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ കേരളത്തിന്റെ നിര്‍മ്മാണത്തിലാണ് ഇപ്പോള്‍ ശ്രദ്ധ ചെലുത്തേണ്ടത്.വികസനമെന്ന മന്ത്രം വികസന ആക്രോശമായി മാറരുത്.കുന്നിടിച്ചും വനം കയ്യേറിയും വയല്‍ നികത്തിയും തടയണകള്‍ കെട്ടിയും നടക്കുന്ന,അനധികൃതമോ അശാസ്ത്രീയമോ ആയ നിര്‍മ്മാണങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ല.ആയിരക്കണക്കിന് നിരപരാധികളായ മനുഷ്യരുടെ ജീവനും ജീവനോപാധിയും വെച്ചുള്ള കളിയാണത്.കുന്നിടിച്ചിലിനും ഉരുള്‍ പൊട്ടലിനും കാരണമാവുന്ന അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണം.         പരിസ്ഥിതി ലോല പ്രദേശം എന്നതിന്റെ അര്‍ത്ഥം പ്രകൃതി തന്നെ പഠിപ്പിക്കാന്‍ ഇനിയും ഇടവരുത്തരുത്.ക്വാറികള്‍ക്ക് നിയമപരമായി നല്‍കിയ ഇളവുകള്‍ പിന്‍വലിച്ചുകൊണ്ടാവട്ടെ നമ്മുടെ തുടക്കം. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണത്തിനായി നിയമമുണ്ടാക്കിയവരാണ് നാം.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ക്കുമാണ് ഇപ്പോള്‍ നാം പ്രധാനമായും ശ്രദ്ധ ചെലുത്തേണ്ടതെന്നും വിഎസ് പറഞ്ഞു.ഇപ്പോഴത്തെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കുറെക്കൂടി ശാസ്ത്രീയമായി പുനര്‍ നിര്‍വ്വചിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവേണ്ട സമയമാണ്.വികസനമെന്ന ലേബലില്‍ അനിയന്ത്രിതമായി പ്രകൃതിയില്‍ നടക്കുന്ന ഇടപെടലുകള്‍ക്ക് നിയന്ത്രണം വന്നേ തീരൂ എന്നും വിഎസ് പറഞ്ഞു.