കല്‍പ്പറ്റ: ദുരിതമേഖലയില്‍ നിന്ന് രാഷ്ട്രീയം പറയാനില്ലെന്നു വയനാട് എംപി രാഹുല്‍ഗാന്ധി .രാഹുല്‍ ഗാന്ധി.പുനരധിവാസമാണ് പ്രധാനം. നഷ്ടപരിഹാരം നല്‍കുന്നതടക്കം കേന്ദ്ര സഹായം വേണമെന്നും ഇക്കാര്യത്തില്‍ കേന്ദ്രം ഇടപെടണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തിലെ മഴക്കെടുതി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. എല്ലാ സഹായവും പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു. രണ്ടു ദിവസം മഴക്കെടുതിയില്‍പ്പെട്ടവരെ നേരില്‍ക്കണ്ടശേഷമാണ് രാഹുല്‍ മടങ്ങിയത്.
ഇന്നലെ കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തും സമീപത്തെ ദുരിതാശ്വാസക്യാമ്പുകളും രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു.ഇന്ന് വയനാട്ടിലെ പുത്തുമലയിലും രാഹുല്‍ എത്തി.ദുരന്തഭൂമിയില്‍ ഇറങ്ങിച്ചെന്ന് രക്ഷാദൗത്യം നേരിട്ടു വിലയിരുത്തി .പനമരം,മേപ്പാടി, കല്‍പ്പറ്റ തുടങ്ങിയ പ്രദേശങ്ങളിലെ ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തിലും പങ്കെടുത്തു.ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പും എല്ലാം വിലയിരുത്തിയ ശേഷമാണ് രാഹുല്‍ മടങ്ങിയത്.ദുരന്ത ബാധിതര്‍ക്ക് അടിയന്തരമായി സഹായമെത്തിക്കാനും നഷ്ടപരിഹാരം നല്‍കാനും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ധനസഹായം നല്കുന്ന കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇത് കേരളത്തിന്റെ മാത്രം ദുരന്തമല്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആകെ പ്രശ്നമാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാകാതിരിക്കാനാണ് ആദ്യം വയനാട്ടിലേക്ക് എത്താതിരുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എഐസിസി സെക്രട്ടറി കെസി വേണുഗോപാല്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും മറ്റു കോണ്‍ഗ്രസ് നേതാക്കളും രാഹുല്‍ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.