മലപ്പുറം:പ്രളയം തകര്‍ത്തെറിഞ്ഞ ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകള്‍ മാത്രമുള്ള ദുരിതാശ്വാസക്യാമ്പില്‍ നിന്നും ഒരു സന്തോഷവാര്‍ത്ത.വെള്ളത്തില്‍ മുങ്ങിയ വീട്ടില്‍ നിന്നും മലപ്പുറത്തെ എംഎസ്പിഎല്‍പി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിലെത്തിയ അഞ്ജു ഇന്ന് വിവാഹിതയായി.ഉച്ചയ്ക്ക് 11 ന് മലപ്പുറം ത്രിപുരാന്തക ക്ഷേത്രത്തില്‍ വച്ച് വേങ്ങര സ്വദേശി ഷൈജു അഞ്ജുവിന്റെ കഴുത്തില്‍ മിന്നുചാര്‍ത്തി പ്രളയം വിഴുങ്ങാത്ത തന്റെ വീട്ടിലേക്കു കൊണ്ടുപോയി.
നെച്ചിക്കുറ്റി സ്വദേശികളായ സുന്ദരന്‍,ശോഭ ദമ്പതികളുടെ മകളായ അഞ്ജു വീട് വെള്ളത്തില്‍ മുങ്ങിയതിനെത്തുടര്‍ന്ന് മൂന്നു ദിവസമായി ദുരിതാശ്വാസ ക്യാമ്പിലായിരുന്നു.വിവാഹം മാറ്റി വയ്ക്കാന്‍ വീട്ടുകാര്‍ ആലോചിച്ചെങ്കിലും ത്രിപുരാന്തക ക്ഷേത്ര ട്രസ്റ്റും നാട്ടുകാരും ബന്ധുക്കളുമെല്ലാം സഹായിക്കാമെന്നേറ്റതോടെ വിവാഹം നിശ്ചയിച്ച പോലെ തന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
മലപ്പുറത്തു 183 ദുരിതാശ്വാസ ക്യാമ്പുകളിലായി 30,000 പേരാണുള്ളത്.വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ഇവിടത്തെ ജനജീവിതത്തെ തകര്‍ത്തുകളഞ്ഞു.