എടത്വാ: പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി വൈദികനും സംഘവും എത്തി. എടത്വാ പഞ്ചായത്തിൽ 4-ാം വാർഡിൽ മുപ്പത്തിമൂന്നിൽ ചിറ കോളനിയിലെ ദുരിതാശ്വാസ ക്യാമ്പിൽ ആണ് സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക വികാരിയും സംഘവും സഹായഹസ്തവുമായി എത്തിയത്.പ്രളയക്കെടുതിയുടെ ആകുലത കുറയ്ക്കുവാൻ ഇതു പോലെയുള്ള കൂട്ടായ്മ ഉപകാരപ്രദമാകുമെന്ന് ഫാദർ ഷിജു മാത്യം പ്രസ്താവിച്ചു.കിടപ്പു രോഗികൾ ഉള്ള എല്ലാ വീടുകളിലും കമ്പിളി പുതപ്പുകൾ വിതരണം ചെയ്തു. ദുരിതബാധിതർക്കു വേണ്ടിയുള്ള സമൂഹപ്രാർത്ഥനക്കു ശേഷം ക്യാമ്പിൽ പ്രത്യേകം പാചകം ചെയ്ത പായസവും എല്ലാവർക്കും നല്കി.
ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. പ്രളയ സഹായത്തിന് അര്‍ഹരായവരെ കണ്ടെത്താന്‍ പ്രത്യേക മാനദണ്ഡങ്ങളുണ്ടാക്കണമെന്നും ഓരോ ജില്ലയിലേയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് അര്‍ഹതയുള്ളവരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപെട്ടു. ജോൺ ചിറയിൽ, സജീവ് എൻ. ജെ, ജയകുമാർ പി.ആർ എന്നിവർ നേതൃത്വം നല്കി.
ദീർഘ വർഷങ്ങളായി മുപ്പത്തിമൂന്നിൽചിറ കോളനിയിലെ ജനങ്ങൾ ശുദ്ധജല ക്ഷാമവും അനുഭവിക്കുകയാണ്.
ഈ കോളനിയിൽ 4 ലക്ഷം രൂപ ചെലവഴിച്ച് എടത്വാ ഗ്രാമ പഞ്ചായത്ത് പൈപ്പ് ലൈൻ വലിച്ചെങ്കിലും അതിലൂടെ തുള്ളി വെള്ളം പോലും എത്തിയിട്ടില്ല.പ്രധാന പൈപ്പിൽ നിന്നും ഒരടിയിലേറെ ഉയരത്തിൽ ആണ് കോളനിയിലേക്ക് പൈപ്പ് ഇട്ടിരിക്കുന്നതിനാൽ വെള്ളം കയറി വരില്ല. കുടിവെള്ളത്തിനായി അവർ മഴയെ ആണ് ആശ്രയിക്കുന്നത്.സമാന്തര കുടിവെള്ള വിതരണം ചെയ്യുന്നുണ്ടെങ്കിലും കോളനിയിലേക്കുള്ള റോഡിന് വീതി കുറവായതിനാൽ വാഹനങ്ങൾ എത്താറില്ല. ഇവിടെ ആകെ ഉണ്ടായിരുന്ന 2 കിണറുകൾ പ്രളയം മൂലം ഉപയോഗ ശൂന്യമായി. കുടിവെള്ളം ഇല്ലാത്തതിനാൽ ഒന്നര കിലോമീറ്റർ ദൂരത്തിൽ പോയി കന്നാസിൽ വെള്ളം ശേഖരിക്കുകയാണ് ഇപ്പോൾ പതിവ്.
വീണ്ടും ശുദ്ധജല ക്ഷാമം രൂക്ഷമായിരിക്കുകയാണ്. സമീപത്തെ തോട്ടിൽ നിന്നും ആണ് പ്രാഥമിക ആവശ്യങ്ങൾക്ക് വെള്ളം ഉപയോഗിച്ചിരുന്നത്. വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് പാടശേഖരങ്ങളിൽ നിന്ന് വൈക്കോൽ അഴുകിയ വെള്ളം നദികളിലേക്ക് ഇറങ്ങി അത് മലിനമാകുകയും കറുകൽ വളർന്ന് മൂടിയതോടെ അതും ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യം ആണ്. ദാഹജലത്തിത്തിനായി സുമനസ്സുകളുടെ സഹായം തേടുകയാണ് ഗ്രാമവാസികൾ.