കൊച്ചി:പ്രളയക്കെടുതിയെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്യാമ്പുകളില്‍ കഴിയുന്നവര്‍ പൂര്‍ണ്ണ തൃപ്തരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.നാല് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു  മുഖ്യമന്ത്രി.ചെങ്ങന്നൂര്‍,ആലപ്പുഴ,കോഴഞ്ചേരി,പറവൂര്‍,ചാലക്കുടി എന്നിവിടങ്ങളിലെ ക്യാമ്പുകളാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ചത്.
ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും ഒരേ മനസോടെ എല്ലാത്തിനേയും അതിജീവിക്കണമെന്നും മുഖ്യമന്ത്രി ദുരിതബാധിതരോട് പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്നു മടങ്ങുന്നവര്‍ക്കു ഭക്ഷ്യസാധനങ്ങളുടെ കിറ്റ് സൗജന്യമായി നല്‍കിയാണ് വീടുകളിലേക്കു വിടുന്നത്.
രാവിലെ 8.45ഓടെ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളെജിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് മുഖ്യമന്ത്രി അവിടെ കഴിയുന്നവരുമായി സംസാരിച്ചു.പിന്നീട് കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പും തുടര്‍ന്ന് ആലപ്പുഴ ലിയോ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പും സന്ദര്‍ശിച്ചു.11.15 ഓടെ വടക്കന്‍ പറവൂര്‍ ഗ്രിഗോറിയസ് സ്‌കൂളിലെയും അവസാനം ചാലക്കുടിയിലെയും പനമ്പള്ളി സ്മാരക ഗവണ്‍മെന്റ് കോളേജിലെയും ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.
റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍,ചീഫ് സെക്രട്ടറി ടോം ജോസ്,ഡിജിപി ലോക്‌നാഥ് ബെഹ്‌റ എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.