തിരുവനന്തപുരം:പ്രളയദുരിതത്തില്‍പ്പെട്ടവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്ന പണം പ്രത്യേക അക്കൗണ്ടിലാക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന് നിവേദനം നല്‍കി.കൂടാതെ അണക്കെട്ടുകള്‍ തുറന്നുവിട്ടതിലുണ്ടായ വീഴ്ചയില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം,പ്രളയബാധിതരുടെ പുനരധിവാസത്തിനായി ട്രൈബ്യൂണല്‍ രൂപീകരിക്കണം,ദുരന്തനിവാരണ വകുപ്പ് പുനഃസംഘടിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ഉന്നയിച്ചിട്ടുണ്ട്.
ലോകത്തിന്റെ എല്ലാഭാഗത്തും നിന്നും സര്‍ക്കാരിന് ലഭിക്കുന്ന പണം എത്തുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ്.അതുകൊണ്ടുതന്നെ ഫണ്ട് വകമാറ്റി ചിലവഴിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.രാഷ്ട്രീയ പരിഗണനയില്ലാതെയും വിവേചനമില്ലാതെയും ഫണ്ട് വിനിയോഗിക്കപ്പെടാനും ദുരിതാശ്വാസ ഫണ്ട് ഒരു പ്രത്യേക അക്കൗണ്ടാക്കി മാറ്റേണ്ടത് ആവശ്യമാണ്.
ജനങ്ങള്‍ക്ക് കാര്യമായ മുന്നറിയിപ്പ് നല്‍കാതെ അണക്കെട്ടുകള്‍ തുറന്നുവിട്ടതാണ് പ്രളയക്കെടുതി രൂക്ഷമാകാന്‍ കാരണം.സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.
പ്രളയ ദുരന്ത ബാധിതരുടെ നഷ്ടപരിഹാരം ഉറപ്പ് നല്‍കാനും പുനരധിവാസത്തിനും ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ഒരു ട്രൈബ്യുണില്‍ രൂപവത്കരിക്കണം. ഭോപാല്‍ ദുരന്തമുണ്ടായപ്പോള്‍ ട്രൈബ്യുണല്‍ രൂപീകരിച്ച മാതൃകയിലായിരിക്കണം ഇത്.മൂന്ന് മാസം മുതല്‍ ആറ് മാസം വരെയായിരിക്കണം ട്രൈബ്യൂണലിന്റെ കാലാവധി.കേരള സര്‍ക്കാരിന്റെ ദുരന്ത നിവാരണ വകുപ്പ് ഉടന്‍ പുനസംഘടിപ്പിച്ച് കാര്യക്ഷമമാക്കണമെന്നും നിവേദനത്തില്‍ പറയുന്നു.
നിയമസഭയില്‍ ആവശ്യങ്ങള്‍ ഉന്നയിച്ചെങ്കിലും തള്ളിക്കളഞ്ഞതിനാലാണ് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയതെന്ന് ഗവര്‍ണറെ കണ്ട ശേഷം രമേശ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഇതുപോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ചെന്നിത്തല പറഞ്ഞു.
