ഇന്‍ഡോര്‍:മധ്യപ്രദേശിലെ ഇന്‍ഡോറില്‍ യുവതിയെ ‘ദൃശ്യം’ മോഡലില്‍ കൊലപ്പെടുത്തിയ ബിജെപി നേതാവും മൂന്നുമക്കളും അറസ്റ്റിലായി.ഇന്‍ഡോറിലെ ബിജെപി നേതാവ് ജഗദീഷ് കരോട്ടിയ (65), മക്കളായ അജയ്, വിജയ്, വിനയ് എന്നിവരും സഹായിയായ നിലേഷ് കശ്യപും ആണ് പിടിയിലായത്.ഇന്‍ഡോര്‍ സ്വദേശിനിയായ ട്വിങ്കില്‍ ഡാഗരൈ എന്ന യുവതിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.2016 ഒക്ടോബര്‍ 16നായിരുന്നു സംഭവം.
ജഗദീഷുമായി ബന്ധമുണ്ടായിരുന്ന ട്വിങ്കിള്‍ ജഗദീഷിനോടൊപ്പം കഴിയണമെന്നു നിര്‍ബന്ധം പിടിച്ചതോടെയാണ് യുവതിയെ കൊലചെയ്യാന്‍ ഇയാള്‍ തീരുമാനിച്ചത്.മൂന്നു മക്കളുടെയും സഹായത്തോടെ ട്വിങ്കിളിനെ കഴുത്തുഞെരിച്ച് കൊന്ന ശേഷം മൃതദേഹം കത്തിച്ചു. ട്വിങ്കിളിന്റെ മൃതദേഹം മറവു ചെയ്യുകയും അതേസമയം മറ്റൊരിടത്ത് ഒരു നായയെ കുഴിച്ചിടുകയും ചെയ്തു.
ട്വിങ്കിളിനെ കാണാതായതോടെ ബന്ധുക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു.ജഗദീഷുമായി ട്വിങ്കിളിന് ബന്ധമുണ്ടായിരുന്നതിനാല്‍ പോലീസ് ജഗദീഷിനേയും കുടുംബത്തേയും ചോദ്യം ചെയ്തു.ആ സമയത്ത് പോലീസിനെ വഴി തെറ്റിക്കാനായി നായയെ കുഴിച്ചിട്ട സ്ഥലമാണ് ജഗദീഷ് കാണിച്ചുകൊടുത്തത്.
കൊലപാതകത്തിന് മുന്‍പ് ഇവര്‍ ‘ദൃശ്യം’ സിനിമ ഒട്ടേറെ തവണ കണ്ടതായി അന്വേഷണോദ്യോഗസ്ഥര്‍ അറിയിച്ചു.പിന്നീട് ലബോറട്ടറിയില്‍ ജഗദീഷിനും മക്കള്‍ക്കും നടത്തിയ ബ്രെയിന്‍ ഇലക്ട്രിക്കല്‍ ഓക്സിലേഷന്‍ സിഗ്നേച്ചര്‍ ടെസ്റ്റ് വഴിയാണു ഇവര്‍ കുറ്റം ചെയ്തതായി പോലീസ് തെളിയിച്ചത്.