തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി രണ്ട് വര്‍ഷമായി ചുരുക്കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ കൊണ്ടുവന്ന ദേവസ്വം ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി. ഇന്നലെ കൂടുതല്‍ വിശദീകരണം തേടി ഗവര്‍ണര്‍ പി സദാശിവം ഓര്‍ഡിനന്‍സ് മടക്കിയിരുന്നു. ഗവര്‍ണര്‍ ആവശ്യപ്പെട്ട വിശദീകരണം ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇന്നലെ വീണ്ടും രാജ്ഭവനില്‍ സമര്‍പ്പിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇന്ന് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ചത്. ഗവര്‍ണര്‍ ഒപ്പുവച്ചതോടെ ഓര്‍ഡിന്‍സ് പ്രാബല്യത്തിലായി.
ശബരിമല സീസണ്‍ തുടങ്ങും മുമ്പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണം പൂര്‍ണമായും കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ടു വര്‍ഷമായി കുറച്ചു കൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. ദേവസ്വം ബോര്‍ഡില്‍ സിപിഐഎം നോമിനിയായിരിക്കും പ്രസിഡന്റായി വരിക. സിപിഐക്ക് ആയിരിക്കും മെമ്പര്‍ സ്ഥാനം ലഭിക്കുക.