തിരുവനന്തപുരം: ദേവസ്വം മന്ത്രിയെന്ന നിലയില്‍ കടംപളളി സുരേന്ദ്രന്‍ സംരക്ഷിക്കേണ്ടത് പാര്‍ട്ടി നയമല്ല മറിച്ച് കേരളത്തിലെ നൂറ്റാണ്ടുകളായി അനുവര്‍ത്തിച്ചുവരുന്ന ക്ഷേത്ര ആചാരങ്ങളെയാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് എംപ്ലോയിസ് ഫ്രണ്ട് രക്ഷാതികാരിയുമായ അഡ്വ. ശരത്ചന്ദ്രപ്രസാദ്.
ശബരിമലയെ സംബന്ധിച്ച് നിലനില്‍ക്കുന്ന വിശ്വാസങ്ങളെയും ആചാരങ്ങളെയും ആര്‍ക്കും തകര്‍ത്തെറിയാന്‍ കഴിയില്ല. ശബരിമല അയ്യപ്പ പ്രതിഷ്ഠ, മാളികപ്പുറം, വാവരുസ്വാമി എന്നിവയെ ബന്ധപ്പെടുത്തിയുളള ഐതിഹ്യപരമായ വിശ്വാസങ്ങള്‍ ഒരു നിയമത്തിനും കോടതിക്കും ഭരണഘടനയും സ്ത്രീസമത്വവും പറഞ്ഞ് തകര്‍ക്കാന്‍ കഴിയില്ല. ഇസ്ലാം, ക്രിസ്ത്യന്‍ ആചാരങ്ങളില്‍ മരണശേഷം ഭൗതീകശരീരം ദേവാലയങ്ങള്‍ക്കുളളില്‍വെച്ച് നിസ്‌ക്കാരവും പ്രാര്‍ത്ഥനയും കഴിഞ്ഞാണ് ശവസംസ്‌കാരം നടത്തുന്നത്. എന്നാല്‍ ഹിന്ദു ദേവാലയങ്ങളില്‍ മൃതശരീരം ക്ഷേത്രത്തിനുളളില്‍ കടത്താന്‍ കഴിയില്ല.
മാത്രമല്ല മരണ വീട്ടില്‍ പോകുന്നവര്‍ക്ക് കുളിച്ച് വസ്ത്രം മാറി മാത്രമേ ദേവാലയങ്ങള്‍ക്കുളളില്‍ കടക്കാന്‍ പോലും കഴിയു. രക്തബന്ധമുളളവര്‍ക്ക് നിശ്ചിതദിവസത്തെ തുടക്കും (പുലയും) കല്‍പ്പിച്ചിട്ടുണ്ട്. എന്നിരിക്കെ ഹിന്ദുദേവാലയങ്ങള്‍ക്കുളളിലും മറ്റു മതങ്ങളെപ്പോലെ മൃതശരീരം കിടത്തി പ്രാര്‍ത്ഥിക്കണമെന്ന് പറയാന്‍ സി.പി.എമ്മിനും ഇന്ത്യയിലെ കോടതികള്‍ക്കും കഴിയുമോ എന്ന് ശരത്ചന്ദ്രപ്രസാദ് ചോദിച്ചു.
ഭാരതത്തിന്റെ ഭരണഘടന അംഗീകരിച്ച മതേതരത്വം എന്നാല്‍ എല്ലാമതങ്ങള്‍ക്കുമുളള ആചാര സ്വതന്ത്യവും, വിശ്വാസ സംരക്ഷണവും, തുല്യനീതിയുമാണ്. ആചാരങ്ങള്‍ക്കും, വിശ്വാസങ്ങള്‍ക്കും ഐതീഹങ്ങള്‍ക്കും കൂച്ചുവിലങ്ങിടാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ, ഗവണ്‍മെന്റിനോ, കോടതികള്‍ക്കോ കഴിയില്ല. കാരണം ഭരണഘടന അനുസരിച്ചാണ് കോടതികളും പ്രവര്‍ത്തിക്കേണ്ടത്.
ശബരിമലയില്‍ പ്രത്യേക വയസ്സിലുളള സ്ത്രീകള്‍ക്ക് എന്തുകൊണ്ടാണ് പ്രവേശനം നിഷേധിച്ചത് എന്ന് പരിശോധന നടത്താനാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. സ്വാഭാവികമായും സര്‍ക്കാരുംമന്ത്രിയും ഇതുസംബന്ധിച്ച് വിശ്വസസമൂഹത്തിന്റെ താല്പര്യമാണ് ഉയര്‍ത്തിപ്പിടിക്കേണ്ടത്. അല്ലാതെ കമ്മൂണിസ്റ്റ് താല്പര്യമോ വീക്ഷണമോ അല്ലയെന്ന് ശരത്ചന്ദ്രപ്രസാദ് പറഞ്ഞു.
ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഗുരുവായൂരമ്പലത്തില്‍ പോയപ്പോള്‍ ആചാര പ്രകാരം താന്‍ സ്ഥിരമായി ഇടുന്ന വിലകൂടിയ ഉടുപ്പ് ഉപേക്ഷിച്ച് മേല്‍മുണ്ട് ഇട്ടുകൊണ്ടാണ് ക്ഷേത്രത്തില്‍ കയറിയത.് ഇതും ഒരു ആചാരം ആണ്. അതുപോലെയുളള ഒരു ആചാരം മാത്രമല്ല അതിനേക്കാള്‍ വിശ്വാസബലവും ആചാരശക്തിയും ഐതീഹ്യ മാഹത്മ്യവുമുളള ഒരു പാരമ്പര്യത്തെ തകര്‍ക്കാന്‍ ഇടതുസര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്ന് ശരത്ചന്ദ്രപ്രസാദ് അഭ്യര്‍ത്ഥിച്ചു.