മൂന്നാര്‍:ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനെതിരെ കേസെടുത്ത മൂന്നാര്‍ എസ് ഐയെ സ്ഥലം മാറ്റി.മൂന്നാര്‍ എസ്‌ഐ പി.ജെ.വര്‍ഗീസിനെയാണ് സ്ഥലം മാറ്റിയത്.മൂന്നാര്‍ ട്രൈബ്യൂണല്‍ കോടതി കെട്ടിടത്തില്‍ അതിക്രമിച്ച് കയറിയതിനായിരുന്നു എംഎല്‍എയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.കേസെടുത്ത് ഇരുപത്തിനാലു മണിക്കൂറിനകമാണ് എസ്‌ഐയെ കട്ടപ്പനയിലേക്ക് സ്ഥലംമാറ്റിയത്.സ്ഥലം മാറ്റിയത് പ്രതികാര നടപടിയാണെന്ന് ആരോപണമുണ്ട്.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് എസ്.രാജേന്ദ്രന്‍ എംഎല്‍എ ദേവികുളം തഹസില്‍ദാര്‍ പി.കെ.ഷാജി, ഗവണ്‍മെന്റ് കോളേജിലെ അധ്യാപകര്‍,വിദ്യാര്‍ഥികള്‍ എന്നിവര്‍ ട്രൈബ്യൂണല്‍ കോടതിയിലെത്തിയത്.ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ഗവണ്‍മെന്റ് കോളേജ് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സാധ്യത തേടി എത്തിയ ശേഷം കോടതിമുറിയില്‍ അതിക്രമിച്ച് കയറി ക്ലാസെടുക്കാന്‍ ആരംഭിച്ചു.ദൃശ്യങ്ങള്‍ പകര്‍ത്തിയ കോടതി ജീവനക്കാരന്‍ സുമി ജോര്‍ജിനെ സംഘാംഗങ്ങള്‍ മര്‍ദിക്കുകയും ദൃശ്യങ്ങള്‍ മായ്ച്ചു കളയുകയും ചെയ്തു.തുടര്‍ന്നാണ് പോലീസ് എംഎല്‍എ യെ ഒന്നാം പ്രതിയും പി.വി ഷാജിയെ രണ്ടാം പ്രതിയുമാക്കി കേസെടുത്തത്.
അതിക്രമിച്ച് കടക്കല്‍,പൊതുമുതല്‍ നശിപ്പിക്കല്‍,കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്.എസ്ഐയുടെ വീട് കട്ടപ്പനയ്ക്കടുത്താണെന്നും എസ്ഐ ആവശ്യപ്പെട്ടതനുസരിച്ചാണ് സ്ഥലംമാറ്റം നല്‍കിയതെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിശദീകരണം.കേസെടുത്തതിനുള്ള പ്രതികാരനടപടിയായാണ് എസ്‌ഐയെ സ്ഥലംമാറ്റിയതെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.