കോഴിക്കോട്:ആചാര സംരക്ഷണം ഉറപ്പാക്കുമെന്ന് ശബരിമലയുടെ പേരു പറയാതെ പ്രധാനമന്ത്രി നരേന്ദ്രമോദി.ജനങ്ങളുടെ വിശ്വാസത്തിന് ഭരണഘടനയുടെ സംരക്ഷണം നല്‍കുമെന്നും കോഴിക്കോട് എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തുകൊണ്ട് മോദി പറഞ്ഞു.യുഡിഎഫും എല്‍ഡിഎഫും കേരളത്തിലെ ആചാരങ്ങള്‍ തകര്‍ക്കാമെന്ന് കരുതിയെങ്കില്‍ അവര്‍ക്ക് തെറ്റി.സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചില ശക്തികള്‍ ആചാരം ലംഘിക്കാന്‍ നോക്കിയെന്നും മോദി ആരോപിച്ചു.
നമ്മുടെ സംസ്കാരങ്ങളിലുള്ള കടന്നുകയറ്റം അനുവദിക്കില്ല. വിശ്വാസികള്‍ക്ക് നേരെയുള്ള ലാത്തി പ്രയോഗം അംഗീകരിക്കില്ല.രാജ്യത്തെ ആചാരം സംരക്ഷിക്കാന്‍ ലാത്തിയടി കൊള്ളണോ? ഇവിടത്തെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സുപ്രീംകോടതിയ്ക്ക് മുമ്പാകെ വയ്ക്കുമെന്ന് മോദി പറഞ്ഞു.
ബിജെപിയുടേത് ബദല്‍ രാഷ്ട്രീയമാണ്.എല്‍ഡിഎഫും യുഡിഎഫും പേരില്‍ മാത്രമേ വ്യത്യാസമുള്ളൂ.ഇരു മുന്നണികളും സംസ്ഥാനത്തെ അഴിമതിയില്‍ മുക്കി.സ്ത്രീശാക്തീകരണത്തിന് വേണ്ടി സംസാരിക്കുന്നവര്‍ ഐസ്ക്രീം പാര്‍ലര്‍ കേസും സോളാര്‍ കേസും ഓര്‍ക്കണം. കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ച് കപട ബുദ്ധിജീവികള്‍ മിണ്ടാത്തതെന്താണ്? ത്രിപുര ഓര്‍ക്കുന്നില്ലേ, ഇടത് പക്ഷം അവിടെ തകര്‍ന്നടിഞ്ഞ് ബിജെപി അധികാരത്തിലെത്തി. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ഇടത് പക്ഷത്തിന് ഇരട്ടത്താപ്പാണ്.മുത്തലാഖ് പോലെയുള്ള ക്രൂരമായ നടപടികളെ ന്യായീകരിക്കുന്നതും ഇതേ ഇടത് പക്ഷം തന്നെയാണെന്നും മോദി കുറ്റപ്പെടുത്തി. കപട ബുദ്ധിജീവികള്‍, കപട സന്നദ്ധ സംഘടനകള്‍, നഗര മാവോയിസ്റ്റുകള്‍ ഒക്കെ ഉയര്‍ന്നു വരികയാണ്. ഈ കേരളത്തെ ഇവര്‍ പരീക്ഷണശാലയായാണ് കാണുന്നതെന്നും മോദി ആരോപിച്ചു.
കോഴിക്കോട്ടും രാഹുല്‍ ഗാന്ധിക്കെതിരെ മോദി ആരോപണമുന്നയിച്ചു. തുഗ്ലക്ക് റോഡില്‍ താമസിക്കുന്ന ഉന്നത കോണ്‍ഗ്രസ് നേതാവ് ആരാണെന്ന് അറിയാമോ?ഉത്തരേന്ത്യയില്‍ നടക്കുന്ന റെയ്ഡുകളില് കെട്ട് കെട്ടായി നോട്ട് പിടികൂടുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി മാറ്റി വച്ച പണമാണ് ഇതിനായി ഉപയോഗിച്ചത്. നാണക്കേടാണിത് – മോദി പറഞ്ഞു. ബിജെപിയുടേത് ദേശസുരക്ഷ ഉറപ്പാക്കാനുള്ള നയങ്ങളാണെന്നും മോദി പറഞ്ഞു.ഇവിടത്തെ പ്രതിപക്ഷനേതാക്കളാണ് ഇപ്പോള്‍ പാകിസ്ഥാനില്‍ താരങ്ങള്‍.ഇവിടെയുള്ളവര്‍ രാജ്യത്തിനെതിരെ സംസാരിക്കുന്നത് ഇപ്പോള്‍ പാകിസ്ഥാനില്‍ ഹിറ്റാണ്. ഇവിടത്തെ കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസുകാരും ഭീകരവാദികള്‍ക്ക് ഫ്രീ പാസ്സുകള്‍ നല്‍കിയിരിക്കുകയാണെന്നും നരേന്ദ്രമോദി പറഞ്ഞു.