ന്യൂഡല്‍ഹി:കായിക രംഗത്തെ സമഗ്ര സംഭാവനക്ക് നല്‍കുന്ന ധ്യാന്‍ ചന്ദ് പുരസ്‌കാരം കണ്ണൂര്‍ സ്വദേശി ഒളിമ്പ്യന്‍ മാനുവല്‍ ഫ്രഡറിക്കിന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവുമടങ്ങിയതാണ് പുരസ്‌കാരം.ഹോക്കി താരമായിരുന്ന മാനുവല്‍ ഫ്രഡറിക് ഒളിമ്പിക് മെഡല്‍ നേടിയ ഏക മലയാളി താരമാണ്.1972ല്‍ മ്യൂണിക് ഒളിമ്പിക്സില്‍ ഇന്ത്യ വെങ്കലമെഡല്‍ നേടിയത് മാനുവലിന്റെ ഗോള്‍ കീപ്പിംഗ് മികവിലൂടെയാണ്. ബോബി അലോഷ്യസ്, ടി.പി. പദ്മനാഭന്‍ നായര്‍, സതീഷ് പിള്ള എന്നിവരാണ് മുമ്പ് ധ്യാന്‍ ചന്ദ് പുരസ്‌കാരം നേടിയിട്ടുള്ള മലയാളികള്‍.
പാരാലിമ്പിക്‌സ് മെഡല്‍ ജേതാവ് ദീപാ മാലിക്കിനും ഗുസ്തി താരം ബജ്‌റംഗ് പുനിയക്കും കായികരംഗത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം നല്‍കും.മലയാളി അത്ലറ്റ് മുഹമ്മദ് അനസ് ഉള്‍പ്പെടെ 19 കായിക താരങ്ങള്‍ അര്‍ജ്ജുന പുരസ്‌കാരത്തിനും അര്‍ഹരായി. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിയടക്കം മൂന്ന് മെഡലുകള്‍ നേടിയിരുന്നു. 400 മീറ്ററിലെ ദേശിയ റെക്കോര്‍ഡ് നിലവില്‍ അനസിന്റെ പേരിലാണ്. 400 മീറ്ററില്‍ ഒളിംപിക്സിന് യോഗ്യത നേടിയ മൂന്നാമത്തെ ഇന്ത്യന്‍ പുരുഷതാരമാണ് അനസ്.