തിരുവനന്തപുരം:നടന്‍ അലന്‍സിയര്‍ ലോപ്പസിനെതിരെ മീടൂ ആരോപണം നടത്തിയത് താനാണെന്ന് പറഞ്ഞ് നടി ദിവ്യാ ഗോപിനാഥ് ഫേസ്ബുക്ക് ലൈവിലുടെ രംഗത്ത്.സമൂഹത്തലിറങ്ങി ഒരു പാട് കാര്യങ്ങളോട് പ്രതികരിക്കുന്ന അയാളുടെ മുഖം മൂടി അഴിക്കണം എന്ന ബോധ്യത്തോടെയാണ് തന്റെ തുറന്നു പറച്ചിലെന്നും ദിവ്യ പറഞ്ഞു.
മീ ടൂ കാമ്പെയിനിന്റെ ഭാഗമായി ‘ഇന്ത്യാ പ്രൊട്ടസ്റ്റ്’ എന്ന വെബ്സൈറ്റിലൂടെയാണ് ദിവ്യ അലന്‍സിയറിനെതിരെ ലൈംഗീകാരോപണം ഉന്നയിച്ചത്.ഷുട്ടിംഗ് സെറ്റില്‍വച്ച് അലന്‍സിയര്‍ തന്റെ മുറിയിലേക്ക് അതിക്രമിച്ചു കയറി കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചതായി ദിവ്യ ആരോപിച്ചിരുന്നു.ആര്‍ത്തവ സമയത്ത് മുറിയില്‍ വിശ്രമിക്കുമ്പോള്‍ മദ്യപിച്ചെത്തിയ അലന്‍സിയര്‍ വാതിലില്‍ തൊഴിക്കുകയും മുറിയില്‍ തള്ളിക്കയറി ലോക്ക് ചെയ്ത് കടന്നുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു.പലപ്പോഴും മുഖം കൊണ്ട് വൃത്തികെട്ട ഗോഷ്ടികള്‍ കാണിച്ചു.തന്റെ നാലാമത്തെ ചിത്രത്തിലാണ് ആദ്യമായി അലന്‍സിയര്‍ക്കൊപ്പം പ്രവര്‍ത്തിച്ചത്.നാലുതവണ മോശം അനുഭവം ഉണ്ടായെന്നും ദിവ്യ പറഞ്ഞിരുന്നു.ആഭാസം എന്ന സിനിമയില്‍ അലന്‍സിയറിനൊപ്പം ദിവ്യ പ്രധാനവേഷത്തില്‍ അഭിനയിച്ചിരുന്നു.
ഫേസ്ബുക്ക് ലൈവിലൂടെ ദിവ്യ പറഞ്ഞത്:-
ഒരു പെണ്‍കുട്ടി അവള്‍ക്കുണ്ടായ സത്യമായ അനുഭവങ്ങള്‍ തെറ്റും കൂടാതെ അത് എഴുതി ലോകത്തോട് അറിയിക്കാന്‍ ശ്രമിക്കുമ്പോള്‍,അത് പേര് പറയാതെ എഴുതി കുറ്റം പറയാന്‍ ശ്രമിക്കുന്ന ആളുകളുണ്ട്.അവള്‍ക്ക് എന്ത് പിന്തുണയാണ് വിമര്‍ശകര്‍ കൊടുക്കുക. അവള്‍ തരണം ചെയ്ത ആ അനുഭവത്തെ ആരോട് പങ്കുവയ്ക്കും, അമ്മയോടോ അച്ഛനോടോ?സ്വന്തം ഇഷ്ടപ്രകാരം ജോലി ചെയ്യുന്ന ഫീല്‍ഡില്‍ നിന്നും നേരിടേണ്ടി വന്ന പ്രശ്‌നങ്ങള്‍ പിന്നീടാണ് അവള്‍ക്ക് പറയാന്‍ തോന്നുന്നതെങ്കില്‍ അതില്‍ എന്താണ് പ്രശ്‌നം.നീ അതിന് നിന്ന് കൊടുത്തിട്ടല്ലേ എന്നൊക്കെ പറയുന്നവരോട് എനിക്കൊന്നും പറയാനില്ല.ഞാന്‍ എം.കോം കഴിഞ്ഞയാളാണ്. ചെറുപ്പം മുതലേ നാടകങ്ങളോട് താല്‍പര്യമുണ്ടായിരുന്നു.അതിനോട് എനിക്ക് ആത്മബന്ധമാണ്.എനിക്ക് സന്തോഷം കിട്ടുന്ന ഫീല്‍ഡായതു കൊണ്ടാണ് ഞാന്‍ സിനിമാരംഗത്തുതന്നെ ഉറച്ച് നില്‍ക്കുന്നത്.മറ്റൊരു ജോലിയിലും ഇത്ര സന്തോഷം എനിക്ക് കിട്ടിയിട്ടില്ല.അലന്‍സിയര്‍ ലോപ്പസിനെ കുറിച്ചാണ് ഞാന്‍ പേര് പറയാതെ എഴുതിയത്.ഇപ്പോള്‍ ഇത് തുറന്നെഴുതാനും കാരണമുണ്ട്.
അലന്‍സിയര്‍ മറ്റൊരു സെറ്റില്‍ പോയി പെണ്‍കുട്ടികളെയെല്ലാം അയാള്‍ ഉപയോഗിച്ചെന്ന് സന്തോഷത്തോടെ പറയുന്നതായി അറിഞ്ഞു. അത് കേട്ട ഒരാള്‍ ആഭാസത്തിലെ സംവിധായകനോട് അവിടെ ഭയങ്കര പൊളിയായിരുന്നെന്ന് കേട്ടല്ലോ,? പെണ്‍കുട്ടികളെല്ലാം അലന്‍സിയറേട്ടനൊപ്പമായിരുന്നല്ലോ എന്നൊക്കെ കേട്ടല്ലോ എന്നും പറഞ്ഞു. ഇത് അറിഞ്ഞപ്പോള്‍ ഞാന്‍ അയാളെ ഫോണില്‍ വിളിച്ച് ചീത്ത പറഞ്ഞു.എന്നോട് അയാള്‍ കരഞ്ഞ് പറഞ്ഞ് മാപ്പ് അപേക്ഷിച്ചു.ഇന്‍സള്‍ട്ട് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല എന്ന് പറഞ്ഞപ്പോള്‍ അലന്‍സിയര്‍ എന്ന നടനെ ഞാന്‍ വിശ്വസിച്ചു. പ്രായത്തേയും ബഹുമാനിച്ചു.എന്നാല്‍ സിനിമയില്‍ തനിക്ക് ലഭിച്ച പരിഗണനയും അലന്‍സിയറിന് കിട്ടിയ പരിഗണനയും കണ്ടിട്ട് എന്നെപ്പോലൊരു തുടക്കക്കാരി ഞാന്‍ അംഗമല്ലാത്ത സംഘടനയില്‍ പരാതി പറഞ്ഞാല്‍ അവര്‍ അത് കേള്‍ക്കും എന്നെനിക്ക് വിശ്വാസമില്ലായിരുന്നു,അത് തന്റെ മുന്നിലുള്ള അനുഭവം കണ്ട് എനിക്ക് തോന്നിയതാണ്.എന്നാല്‍ പിന്നീട് ഇയാളെക്കുറിച്ച് പല സ്ത്രീകളും മോശമായി പറയുന്നത് കേട്ടതോടെയാണ് ഇത്രയും ക്രൂരനും വൃത്തികെട്ടവനുമായ ആളെയാണോ ഞാന്‍ വിശ്വസിച്ചതെന്ന് എനിക്ക് തോന്നിയത്.അപ്പോഴേക്കും മീ ടൂ കാമ്പയിന്‍ ശക്തമായിരുന്നു.ഇതോടെയാണ് എനിക്കുണ്ടായ സംഭവം വെളിപ്പെടുത്താന്‍ പറ്റിയ ഏറ്റവും നല്ല സമയം ഇതാണെന്ന് തിരിച്ചറിഞ്ഞത്.കുറിപ്പ് എഴുതുന്നതിന് മുമ്പ് ഡബ്ല്യു.സി.സി അംഗങ്ങളുമായി ഞാന്‍ സംസാരിച്ചിരുന്നു.അപ്പോള്‍ അവര്‍ ചോദിച്ചത് അലന്‍സിയറിനെ നേരിട്ട് കണ്ട് കാര്യങ്ങള്‍ തീര്‍പ്പാക്കിയാല്‍ മതിയോ എന്നാണ്.അങ്ങനെ മതിയായിരുന്നു എന്ന് ഞാന്‍ പറഞ്ഞു.പക്ഷേ മറ്റ് സ്ത്രീകളേയും ഇങ്ങനെ ഉപദ്രവിക്കുന്നുണ്ട്.സമൂഹത്തിലിറങ്ങി ഒരുപാട് കാര്യങ്ങള്‍ക്കായി പ്രതികരിക്കുന്നയാളുടെ മുഖംമൂടി അണിയുന്ന അലന്‍സിയറുടെ യഥാര്‍ത്ഥ മുഖം വെളിച്ചത്തു കൊണ്ടുവരണം.അയാളുടെ സിനിമകള്‍ ഇല്ലാതാക്കാനോ ജീവിതം തകര്‍ക്കാനോ എനിക്ക് ഉദ്ദേശമില്ല.പക്ഷേ,എനിക്കുണ്ടായ മനോവിഷമം എന്താണെന്ന് അറിയിക്കണമെന്നുണ്ടായിരുന്നു.അതിനാലാണ് എഴുതിയത്.ഇത് ഒരാളുടെ പ്രശ്‌നം മാത്രമല്ല.നാളെ നിങ്ങളുടെ ആര്‍ക്കെങ്കിലുമൊക്കെ ഇത്തരമൊരു ദുരനുഭവം ഉണ്ടായേക്കാം.