കോഴിക്കോട്:നടന് കെ ടി സി അബ്ദുള്ള (82) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ആദ്യകാലത്ത് നാടകാഭിനയത്തില്‍ സജീവമായി നിന്ന അബ്ദുള്ള പിന്നീട് സിനിമയിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു.ഐ വി ശശി സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന കെ ടി സി അബ്ദുള്ള വാര്‍ധക്യത്തിലും സിനിമാഭിനയം തുടര്‍ന്നുപോവുകയായിരുന്നു.
കേരള ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ ചേര്‍ന്നതോടെയാണ് കെ ടി സി അബ്ദുള്ള എന്ന പേര് കിട്ടിയത്.കെടിസി ഗ്രൂപ്പ് സിനിമാ നിര്‍മാണം തുടങ്ങിയപ്പോള്‍ അബ്ദുള്ളയും അണിയറയില്‍ പങ്കാളിയായി.
1936 ല്‍ കോഴിക്കോട് പാളയം കിഴക്കേക്കോട്ട പറമ്പില്‍ ജനിച്ച അബ്ദുള്ള പതിമൂന്നാം വയസില്‍ നാടകാഭിനയത്തിലേക്ക് കടന്നു.കെ.പി ഉമ്മര്‍,മാമുക്കോയ തുടങ്ങിയവര്‍ക്കൊപ്പം യുണൈറ്റഡ് ഡ്രാമ അക്കാദമി രൂപീകരിച്ച് പിന്നീട് നാടകത്തില്‍ സജീവമാവുകയായിരുന്നു.
1977ല്‍ രാമു കാര്യാട്ടിന്റെ ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് സിനിമാഭിനയത്തിലേക്ക് എത്തുന്നത്. അറബിക്കഥ,ഗദ്ദാമ,നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി തുടങ്ങി അന്‍പതോളം സിനിമകളില്‍ അദ്ദേഹം സാന്നിധ്യം അറിയിച്ചു.ഈ വര്‍ഷം പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘സുഡാനി ഫ്രം നൈജീരിയ’യാണ് കെ.ടി.സി അബ്ദുള്ളയുടെ അവസാനചിത്രം.