കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ തികച്ചും അപ്രതീക്ഷിതമായ പ്രതികരണവുമായി നടന്‍ ശ്രീനിവാസന്‍.സാംസ്‌കാരിക കേരളമൊന്നടങ്കം ഏറ്റെടുത്ത കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ പൂര്‍ണ്ണമായും പിന്‍തുണച്ചുകൊണ്ട്് ശ്രീനിവാസന്‍ രംഗത്തെത്തിയത് പലര്‍ക്കും അവിശ്വസനീയമായി തോന്നാം.
ദിലീപിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീനിവാസന്‍ പറയുന്നു.ദിലീപ് പള്‍സര്‍ സുനിക്ക് ഒന്നരക്കോടിയുടെ ക്വട്ടേഷന്‍ നല്‍കിയെന്നത് അവിശ്വസനീയമാണ്, താന്‍ അറിയുന്ന ദിലീപ് ഒന്നര പൈസ പോലും ഇതിനായി ചെലവാക്കില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. പുതിയ ചിത്രമായ ‘കുട്ടിമാമ’യുടെ പ്രചാരണാര്‍ഥം മനോരമ ന്യൂസ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്‍ ഇക്കാര്യം പറഞ്ഞത്.
നടിയെ ആക്രമിച്ചതിനു പിന്നാലെ രൂപം കൊണ്ട സിനിമയിലെ വനിതാക്കുട്ടായ്മയുടെ സംഘടനയായ ഡബ്ല്യുസിസിക്ക് (വിമന്‍ ഇന്‍ സിനിമാ കലക്ടീവ്) എതിരെയും ശ്രീനിവാസന്‍ വിമര്‍ശനമുന്നയിച്ചു.ഡബ്ല്യുസിസിയുടെ ആവശ്യവും ഉദ്ദേശ്യവും എന്തിനാണെന്ന് ഇതുവരെ മനസിലായിട്ടില്ല. സിനിമാരംഗത്ത് സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ല, അവിടെ സ്ത്രീകളും പുരുഷരും തുല്യരാണ്. പ്രതിഫലം നിര്‍ണയിക്കുന്നത് താരങ്ങളുടെ-വിപണിമൂല്യമാണെന്നും നയന്‍താരയ്ക്കു ലഭിക്കുന്ന വേതനം എത്ര നടന്മാര്‍ക്ക് ലഭിക്കുന്നുണ്ടെന്നും ശ്രീനിവാസന്‍ ചോദിക്കുന്നു.അഭിമുഖം ഇന്ന് വൈകിട്ട് ചാനല്‍ സംപ്രേഷണം ചെയ്യും.
അതേസമയം ശ്രീനിവാസന്റെ നിലപാടിനെതിരെ പലകോണുകളില്‍നിന്നും വലിയ വിമര്‍ശനങ്ങളുയര്‍ന്നുകഴിഞ്ഞു.