കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ഏതൊക്കെ രേഖകള്‍ വേണമെന്ന് വ്യക്തമാക്കണമെന്ന് ദിലീപിനോട് കോടതി നിര്‍ദേശിച്ചു.കേസില്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദംകേട്ട എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിലീപിനോട് ഹര്‍ജിയില്‍ വ്യക്തത വരുത്താന്‍ നിര്‍ദേശിച്ചത്.
ഫോറന്‍സിക് റിപ്പോര്‍ട്ട് അടക്കം ചില രേഖകള്‍ അപൂര്‍ണമായാണ് നല്‍കിയതെന്നാണ് ദിലീപിന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞത്.എന്നാല്‍ ആവശ്യമുള്ള രേഖകള്‍ നല്‍കിയെന്നും ചില രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്നും പ്രോസിക്യൂഷന് അറിയിച്ചു.പ്രോസിക്യൂഷനുമായി ധാരണയിലെത്തിയ ശേഷം നല്കാന് കഴിയുന്ന രേഖകള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാന്‍ നിര്‍ദേശിച്ച കോടതി കേസ് പരിഗണിക്കുന്നത് അടുത്ത മാസം ഒന്നിലേക്ക് മാറ്റി.
അതേസമയം വിചാരണക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കി സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.ഈ മാസം 23ന് ഹര്‍ജി വീണ്ടും പരിഗണിക്കും.
ഇതിനിടെ താന്‍ അന്വേഷണ സംഘത്തിന് നല്കിയ മൊഴി വിചാരണ വേളയില്‍ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കോടതിയില്‍ അപേക്ഷ നല്കി.ഇക്കാര്യത്തില്‍ കോടതി പ്രോസിക്യൂഷന്റെ നിലപാട് തേടി.